കൊവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കും; നിര്‍ണായക നീക്കവുമായി അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലടക്കം കൊവിഡ് അതിരൂക്ഷമായിരിക്കെ കൊവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം ഇല്ലാതാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ലോക വ്യാപാര സംഘടനയിലാണ് അമേരിക്ക നിലപാട് അറിയിക്കുക. ഫൈസര്‍, മോഡേണ കമ്പനികളുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി.

ഗവേഷണ കണ്ടെത്തലിന് ഇതാദ്യമായാണ് പേറ്റന്റ് വേണ്ടെന്ന നിലപാട് എടുക്കുന്നത്. ഡെമോക്രാറ്റ് അംഗങ്ങളും നൂറിലധികം രാജ്യങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തിയിരുന്നു. ബൗദ്ധിക സ്വത്തവാകാശം ഒഴിവാക്കുന്നതോടെ ഏത് ഉത്പാദകര്‍ക്കും വാക്‌സിന്‍ നിര്‍മിക്കാനും ക്ഷാമം ഒഴിവാക്കാനും സാധിക്കും.

അസാധാരണ കാലത്ത് അസാധാരണ തീരുമാനം വേണമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. കൊവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നീക്കമെന്ന് ലോകാരോഗ്യസംഘടന പ്രതികരിച്ചു. അതേസമയം, യുഎസ് നിലപാട് ഫൈസര്‍ അടക്കം വാക്‌സിന്‍ കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവുണ്ടാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News