അമേരിക്കയ്ക്ക് ഇനി പ്രതിരോധ വകുപ്പില്ല, പകരം യുദ്ധവകുപ്പ്‌; പേരുമാറ്റവുമായി ട്രംപ്

വാഷിങ്ടൺ: പ്രതിരോധ വകുപ്പിന്റെ പേര് മാറ്റി യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ്. ഇനി യുദ്ധ വകുപ്പ് എന്ന പേരിലായിരിക്കും അറിയപ്പെടുക. പ്രതിരോധ സെക്രട്ടറി ഇനിമുതൽ സെക്രട്ടറി ഓഫ് വാർ എന്ന പേരിലും അറിയപ്പെടും. ദൃഢനിശ്ചത്തിന്റെ സന്ദേശം നൽകാൻ വേണ്ടിയാണ് പേരുമാറ്റമെന്ന്‌ ട്രംപ് അവകാശപ്പെട്ടു. പേരുമാറ്റിക്കൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ഓഫീസിന് പുറത്തെ ബോർഡും മാറ്റിയിട്ടുണ്ട്. യുദ്ധ വകുപ്പ് എന്ന പേരിലുള്ള ബോർഡ് സ്ഥാപിക്കുന്നതിന്റെ വീഡിയോ പീറ്റർ ഹെഗ്സെത്ത് ‘എക്സി’ൽ പങ്കുവെച്ചു. പേര് പുനർനാമകരണം ചെയ്ത വിവരം വൈറ്റ് ഹൗസ് ഔദ്യോഗികമായി ‘എക്സി’ൽ കൂടി അറിയിച്ചു.

അതേസമയം, പേരുമാറ്റലിന് അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. അമേരിക്കയ്ക്ക് പ്രതിരോധം എന്തിനാണെന്നാണ് ട്രംപ് ചോദിക്കുന്നത്. സൈനിക വിജയത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് ഈ നീക്കം നയിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

“ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ നമ്മൾ ജയിച്ചു. അതിന് മുമ്പും ഇടയിലുമെല്ലാം നമ്മൾ ജയിച്ചു. ജാഗ്രത ഇനിയും തുടരുക. അതുകൊണ്ട് പേര് പ്രതിരോധ വകുപ്പിനെ യുദ്ധവകുപ്പാക്കി മാറ്റി. എല്ലായിടത്തും നമ്മൾ ജയിക്കേണ്ടതായിരുന്നു, എല്ലാ യുദ്ധങ്ങളിലും നമ്മൾക്കു ജയിക്കാമായിരുന്നു. പക്ഷെ, നമ്മൾ തിരഞ്ഞെടുത്തത് രാഷ്ട്രീയ ശരികേടുകളായിരുന്നു.”- ട്രംപ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News