കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം: കൊവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ തെക്കുംഭാഗം സജിഭവനം സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു സംഭവം.

അബോധാവസ്ഥയിലായ കൊവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിന് ഇടയിലാണ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ആംബുലന്‍സില്‍ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയാണ് സംഭവം.

പഞ്ചായത്തിനു വേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന തെക്കുംഭാഗത്തെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സായിരുന്നു ഇത്. ആശുപത്രിയില്‍ സഹായിയായി നില്‍ക്കാന്‍ സ്ത്രീകളാരെങ്കിലും വേണമെന്നു സജിക്കുട്ടന്‍ പറഞ്ഞതനുസരിച്ചാണ് യുവതി കൂടി ആംബുലന്‍സില്‍ കയറിയത്.

കൈയുറ എടുക്കുന്നതിനായി യാത്രയ്ക്കിടെ തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കയറിയ ഇയാള്‍ തിരികെയെത്തി യുവതിയെ കടന്നുപിടിച്ചു. ഈ സമയം അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു.

പിറ്റേന്നു കൊവിഡ് രോഗി മരിച്ചു. കഴിഞ്ഞ ദിവസമാണു യുവതി സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News