ചെന്നൈ: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിലാപയാത്രയ്ക്കിടെ അപകടം. ഊട്ടിയില്‍ നിന്നും സുലൂര്‍ സൈനിക കേന്ദ്രത്തിലേക്ക് മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെയാണ് മേട്ടുപ്പാളയത്തിന് സമീപത്തുവെച്ച് അപകടം ഉണ്ടായത്. വിലാപയാത്രയ്ക്ക് അകമ്പടി സേവിച്ച പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാന്‍ മതിലില്‍ ഇടിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാര്‍ റോഡില്‍ തെറിച്ചുവീണു. 10 പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസുകാരുടേത് സാരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കാലില്‍ പരുക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രിയിലാക്കി. വാഹനത്തിലെ യന്ത്രത്തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി, മറ്റുള്ള പൊലീസുകാരുമായി വിലാപയാത്ര തുടര്‍ന്നു.
ഇതിന് പിന്നാലെയാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. മൃതദേഹം കൊണ്ടുപോയിരുന്ന ആംബുലന്‍സ് മുമ്പില്‍ പോയ വാഹനവുമായി ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റൊരു ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റിയാണ് വിലാപയാത്ര തുടര്‍ന്നത്. രണ്ടാമത്തെ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
വിലാപയാത്ര കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തും നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. അന്തരിച്ച ധീരസൈനികര്‍ക്ക് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി അഭിവാദ്യം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ഊട്ടി വെല്ലിംഗ്ടണിലെ പൊതു ദര്‍ശനത്തിന് ശേഷം സുലൂര്‍ സൈനിക താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.