ആമസോണ്‍ റിലീസിന് തയ്യാറെടുത്തു നില്‍ക്കുന്നത് ആറ് ഇന്ത്യന്‍ സിനിമകള്‍,അമിതാഭ് ബച്ചന്റെയും വിദ്യാബാലന്റെയും കീര്‍ത്തി സുരേഷിന്റെയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ആദ്യപ്രദര്‍ശനത്തിനെത്തും
മുംബൈ: കോവിഡ് വ്യാപനം തടയുനനത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ തീയറ്ററുകള്‍ എല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസിന് തയ്യാറെടുത്ത് ആറു ഇന്ത്യന്‍ സിനിമകള്‍, മലയാളം, ഹിന്ദി, തമിഴ് തുടങ്ങി അഞ്ചോളം ഭാഷാചിത്രങ്ങളുടെ പട്ടിക ആമസോണ്‍ പ്രൈം പുറത്തുവിട്ടു. ഇതില്‍ പലതും തിയേറ്റര്‍ റിലീസിനായി തീയതി വരെ പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളാണ്.
ബോളിവുഡില്‍ അമിതാഭ് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന, വിദ്യ ബാലന്‍, മലയാളത്തില്‍ നിന്നും ജയസൂര്യ, കീര്‍ത്തി സുരേഷ്, തമിഴില്‍ നിന്നും ജ്യോതിക എന്നിവരുടെ പടങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഹിന്ദിയില്‍ അനു മേനോന്‍ സംവിധാനം ചെയ്ത ശകുന്തള ദേവി, ഷൂജിത്ത് സര്‍ക്കാരിന്റെ ഗുലാബോ സിതാബോ, തമിഴില്‍ ജെ.ജെ. ഫ്രെഡറിക്കിന്റെ പൊന്മകള്‍ വന്താല്‍, മലയാളമടക്കം മൂന്ന് ഭാഷകളില്‍ ഇറങ്ങുന്ന ഇശാവര്‍ കാര്‍ത്തിക്കിന്റെ പെന്‍ഗ്വിന്‍, മലയാളത്തില്‍ നരണിപ്പുഴ ഷാനവാസിന്റെ സൂഫിയും സുജാതയും, കന്നഡയില്‍ രഘു സമര്‍ഥിന്റെ ലോ, പന്നഗ ഭരണയുടെ ഫ്രെഞ്ച് ബിരിയാണി എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സിനിമകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.അതേസമയം ഇതിനെതിരെ ഐനോക്സ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.