മുംബൈ:ആമസോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലർമാരിൽ ഒരാളായ ക്ലൗഡ്ടെയിൽ ഇന്ത്യ, രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു. 2022 മെയ് മാസത്തോടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ആമസോണിനും എൻ ആർ നാരായണ മൂർത്തിയുടെ കാറ്റമറൻ വെഞ്ച്വേർസിനും ഉടമസ്ഥതയുള്ള കമ്പനിയുടെ തീരുമാനം.
ഏഴ് വർഷമായി തുടരുന്ന പാർട്ണർഷിപ്പ് പുതുക്കേണ്ടെന്നാണ് തീരുമാനം. പ്രയോൺ ബിസിനസ് സർവീസിന് പൂർണ ഉടമസ്ഥതയുള്ളതാണ് ക്ലൗഡ്ടെയിൽ ഇന്ത്യ. പ്രയോൺ എന്നത് കാറ്റമറൻ കമ്പനിയും ആമസോൺ കമ്പനിയും ചേർന്ന് സ്ഥാപിച്ച സ്ഥാപനമാണ്.
രാജ്യത്ത് വിദേശ ഇ-കൊമേഴ്സ് കമ്പനികളുടെ പ്രവർത്തനത്തിന് മുകളിൽ കേന്ദ്രം കടുത്ത നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനിക്കുന്ന ഘട്ടത്തിലാണ് ക്ലൗഡ്ടെയിലിന്റെ പിന്മാറ്റം. രണ്ട് പങ്കാളികളും കരാർ പുതുക്കേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിക്കഴിഞ്ഞു. വമ്പൻ ഇളവുകളോടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിക്കഴിഞ്ഞ ശേഷമാണ് ക്ലൗഡ്ടെയിലിന്റെ പിന്മാറ്റമെന്നത് ശ്രദ്ധേയമാണ്.
ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനുമെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണം തടയാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.അന്വേഷണം ശരിവെച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും നൽകിയ ഹര്‍ജികൾ നിരസിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
വ്യാപാര രംഗത്ത് അധാര്‍മ്മിക മത്സരം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ദില്ലി വ്യാപാര മഹാസംഘ് നൽകിയ പരാതിയിലാണ് കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം തടയാൻ വിസമ്മതിച്ച സുപ്രീംകോടതി കോമ്പറ്റീഷൻ കമ്മീഷന് മറുപടി നൽകാൻ ഫ്ളിപ്പ്കാര്ടിനും ആമസോണിനും സമയം നീട്ടി നൽകി.