കൊച്ചി: അങ്കമാലിയിൽ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയ ഡിവൈ.എസ്.പിക്കും മൂന്ന് പോലീസുകാർക്കുമെതിരെ ഡി.ഐ.ജിക്ക് റിപ്പോർട്ട് നൽകിയതായി ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന. അതേസമയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവിനെ വിരുന്നിൽ കണ്ടെത്തിയിരുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ റൂറൽ എസ്.പി. പറഞ്ഞു.
പോലീസുകാരെ ഇവിടെ എത്തിച്ചത് ഡി.വൈ.എസ്.പി. ആണെന്നാണ് വിവരം. അങ്കമാലി പോലീസ് എത്തുന്നതിനു മുമ്പേ ഡി.വൈ.എസ്.പി. പോയതായാണ് പിടിയിലായ പോലീസുകാരുടെ മൊഴി. എന്നാൽ, ഇദ്ദേഹം തമ്മനം ഫൈസലിന്റെ വീട്ടിൽത്തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്നും സൂചനയുണ്ട്.
ഡി.വൈ.എസ്.പിക്കും മറ്റു മൂന്ന് പോലീസുകാർക്കുമെതിരെയാണ് റൂറൽ എസ്.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. വീട്ടിൽ അഞ്ചുപേർ ഉണ്ടായിരുന്നു. ഇതിൽ പോലീസുകാരല്ലാത്ത രണ്ടുപേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. പ്രാഥമികാന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തുന്നുണ്ട്. നേരത്തേ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വീടാണിതെന്നും റൂറൽ എസ്.പി വൈഭവ് സക്സേന പറഞ്ഞു.
വിരുന്നിൽ കണ്ടെത്തിയ പോലീസുകാരിൽ ഒരാൾ ഡിവൈഎസ്പിയുടെ ഡ്രൈവറും മറ്റൊരാൾ ക്രൈം ബ്രാഞ്ച് ഓഫീസിലെ പോലീസുകാരനുമാണ്. വിജിലൻസ് ഉദ്യോഗസ്ഥനാണ് മറ്റൊരാൾ. മൂന്നുപേരും കോൺസ്റ്റബിൾമാരാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിന് പിന്നാലെയാണ് എം.ജി.സാബു സ്ഥലംമാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറൽ പോലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്നു. അവിടെവെച്ചുള്ള ബന്ധത്തെ തുടർന്നാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് വിവരം. സംഭവത്തിൽ ഡി.വൈ.എസ്.പിക്കെതിരേ വകുപ്പുതല അന്വേഷണമുണ്ടാകും.