കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെ ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പോലീസ് ഹാജരാക്കിയത്.വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
ബലാത്സംഗം ഉള്‍പ്പെടെ ഒന്‍പതുവകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. കൃത്യം ചെയ്തത് അസ്ഫാക് ആലം ഒറ്റയ്ക്കാണെന്നാണ് പോലീസിന്റെ നിഗമനം. സംശയത്തെത്തുടര്‍ന്ന് മറ്റുചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നെങ്കിലും ഇവര്‍ക്കൊന്നും കൃത്യത്തില്‍ പങ്കില്ലെന്നാണ് കണ്ടെത്തല്‍.
വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി ആദ്യം കടയില്‍ കൊണ്ടുപോയി ജ്യൂസ് വാങ്ങിനല്‍കിയിരുന്നു. പിന്നീടാണ് കുട്ടിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് എത്തിയത്. തുടര്‍ന്ന് വൈകിട്ട് അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.
കഴുത്തില്‍ ബനിയന്‍ ഉപയോഗിച്ച് മുറുക്കി ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ശരീരത്തില്‍ അതിന്റെ പാടുകളുണ്ട്. ഈ ബനിയന്‍ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊലപ്പെടുത്തിയ ശേഷമാണ് അതിക്രൂരമായ ലൈംഗിക ആക്രമണം നടന്നതെന്നാണ് നിഗമനം. ശരീരമാസകലം മാന്തി മുറിവേല്‍പ്പിച്ച നിലയിലാണ്. പുഴയുടെ തീരത്ത് ചതുപ്പില്‍ മൃതദേഹം താഴ്ത്തിയ നിലയിലായിരുന്നു.
കാല്‍പാദവും കൈയുടെ ചെറിയ ഭാഗവും മാത്രമായിരുന്നു പുറത്തു കാണാന്‍ കഴിഞ്ഞിരുന്നത്. താടിയെല്ലിന് പൊട്ടലുണ്ട്. ഇത് കല്ലുകൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് താഴ്ത്താന്‍ ശ്രമിച്ചതിനാലാണെന്നാണ് കരുതുന്നത്. ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മുകളില്‍ ചാക്കും അതിനു മുകളില്‍ കല്ലുംവെച്ച് ഇലകൊണ്ട് മൂടിയിരുന്നു.