കൊച്ചി: ആലുവ എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 23 കാരിയായ മൊഫിയ പർവീനാണ് മരിച്ചത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഇന്നലെ ആലുവ പോലീസിൽ പരാതി നൽകിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരാതി നൽകി വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെയുള്ള പരാതിയിൽ പോലീസ് സ്റ്റേഷനിൽ നിന്ന് മൊഫിയയെ ഒത്തു തീർപ്പിന് വിളിപ്പിച്ചിരുന്നു. എന്നാൽ ഒത്തു തീർപ്പ് ചർച്ചകൾക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഭർത്താവിനെ അടിച്ചതായും പോലീസ് പറയുന്നു. ഈ സാഹചര്യത്തിൽ സ്റ്റേഷനിൽ വെച്ച് ഇത്തരം കാര്യങ്ങൾ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.പോലീസിനെതിരെയും ആത്മഹത്യാ കുറിപ്പിൽ പരാമർശങ്ങളുണ്ട്. തനിക്ക് നീതി ലഭിച്ചില്ല എന്നതാണ് പോലീസിനെതിരായ പരാമർശം.തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിയാണ് മൊഫിയ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.
മോളെ സിഐ ചീത്ത വിളിച്ചു’
ഒരു രൂപ പോലും സ്ത്രീധനം വേണ്ട എന്ന് പറഞ്ഞതാണ് വിവാഹം നടന്നത് എന്നാൽ വിവാഹ ശേഷം 40 ലക്ഷം രൂപ രൂപ സിനിമ നിർമ്മിയ്ക്കാൻ വേണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു ഇത് നൽകാനാവില്ലെന്ന് അറിയിച്ചു തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം.
രണ്ട് മാസം മുമ്പാണ് സുഹൈൽ മോഫിയയ്ക്ക് തലാഖ് ചൊല്ലി നോട്ടീസയക്കുന്നതെന്ന് കുടുംബം പറയുന്നു. ഇതോടൊപ്പം 2500 രൂപയും അയച്ചിരുന്നു. വിവാഹമോചനശേഷം മതാചാരപ്രകാരമുള്ള ഇദ്ദ ഇരിക്കാനാണ് പണം അയച്ചത്. ഇതും പരാതിയായി പൊലീസിന് നൽകിയിരുന്നതാണ്. എന്നാൽ പൊലീസ് ഗാർഹികപീഡനമടക്കം ഒരു പരാതിയും കാര്യമായി എടുത്തില്ലെന്ന് മോഫിയ പർവീണിന്‍റെ അച്ഛൻ പറയുന്നു.
ഇന്നലെ സ്റ്റേഷനിലെത്തിയപ്പോൾ സിഐ മകളെ ചീത്ത വിളിച്ചു. ഇക്കാര്യം മോഫിയ ആത്മഹത്യാക്കുറിപ്പിലും എഴുതിയിട്ടുണ്ട്. എന്നാൽ ഭർത്താവിനോട് മോശമായി സംസാരിച്ചതിന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. കടുത്ത ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സ്റ്റേഷൻ സിഐയെ ചുമതലയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ആത്മഹത്യ ആലുവ ഡിവൈഎസ്പി അന്വേഷിക്കും. എന്നാൽ സിഐയെ സസ്പെൻഡ് ചെയ്യാതെ ഒരു അന്വേഷണത്തിനോടും സഹകരിക്കാനില്ലെന്നാണ് പെൺകുട്ടിയുടെ അച്ഛൻ പറയുന്നത്.
‘എന്‍റെ അവസാനത്തെ ആഗ്രഹം’
”ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും.
അവസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്‍റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും”
വലിയ അക്ഷരങ്ങളിൽ ഒടുവിൽ മോഫിയ എഴുതിയിരിക്കുന്നത് ഇങ്ങനെ:
”സിഐയ്ക്ക് എതിരെ നടപടി എടുക്കണം. Suhail, Mother, Father Criminals ആണ്. അവർക്ക് Maximum ശിക്ഷ കൊടുക്കണം. എന്‍റെ അവസാനത്തെ ആഗ്രഹം!”