കൊച്ചി: ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്കുകളില്‍ മാപ്പപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ രേവത് ബാബു. ഇയാളായിരുന്നു പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. ഇതിന് ശേഷം ഹിന്ദിക്കാരുടെ കുട്ടിയായതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ വരില്ല എന്ന് പൂജാരിമാര്‍ പറഞ്ഞതായി രേവത് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. പൂജാരിമാര്‍ മരണക്രിയകള്‍ ചെയ്യാറില്ല എന്നിരിക്കെ രേവത് ബാബു മനപൂര്‍വം വിദ്വേഷം പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. ഇതിന് പിന്നാലെ തനിക്ക് സംഭവിച്ചത് നാക്ക് പിഴയാണെന്നും തനിക്ക് മാപ്പ് തരണം എന്നും പറഞ്ഞ് രേവത് ബാബു രംഗത്തെത്തി.
രേവത് ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…
‘ഞാന്‍ ക്യാന്‍സര്‍ രോഗിയുമായി എറണാകുളത്തേക്ക് വരുന്ന സമയത്താണ് ആ കുട്ടി മരിച്ച വിവരം അറിഞ്ഞത്. തിരിച്ച് തൃശൂര്‍ പോകുന്ന വഴിക്ക് കുട്ടിയെ കണ്ടിട്ട് പോകാം എന്ന് കരുതി. രാത്രി എട്ട് മണിക്ക് ഗാരേജിന്റെ അവിടെയുള്ള വീട്ടിലേക്ക് ചെല്ലുമ്പോള്‍ കുട്ടിയുടെ അച്ഛനും താമസക്കാരായ മലയാളികളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്റെ കുറി കണ്ടപ്പോള്‍ ഹിന്ദുവാണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ പൂജാരിയാണോ എന്ന് ചോദിച്ചു.
പൂജാരിയല്ല ഹിന്ദുവാണ് എന്ന് പറഞ്ഞു. എന്തിനാണ് പൂജാരി എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. മോള്‍ മരിച്ചു, നാളെ കര്‍മ്മങ്ങള്‍ ചെയ്യണം എന്ന് പറഞ്ഞു. ഞാന്‍ പൂജാരിയല്ല വേണമെങ്കില്‍ വിളിക്കാം എന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ അമ്മയെ വിളിച്ച് അമ്മ വഴി വീടിന് അടുത്തുള്ള പൂജാരിയെ ബന്ധപ്പെട്ടു. അപ്പോള്‍ അവര്‍ക്ക് ഇത്രയും ദൂരമുള്ളത് കൊണ്ട് വരാന്‍ പറ്റില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് വരാന്‍ പറ്റില്ല എന്നാണ് അവര്‍ പറഞ്ഞത് എന്ന് പറഞ്ഞു.
പുലര്‍ച്ചെ ആയപ്പോള്‍ ആലുവയിലുള്ള മൂന്ന് പേരോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവരൊക്കെ പറഞ്ഞത് പൂജാരിമാര്‍ മരണക്രിയകള്‍ ചെയ്യില്ല എന്നാണ് പറഞ്ഞത്. തിരിച്ച് വന്നപ്പോള്‍ മാളയില്‍ ഉള്ള ഒരാളെ കണ്ടു. അദ്ദേഹവും പൂജാരിമാരല്ല കര്‍മ്മം ചെയ്യുക എന്ന് പറഞ്ഞു. കുട്ടിയുടെ പിതാവ് പറഞ്ഞിട്ടാണ് പൂജാരിയെ അനേഷിച്ച് ഇറങ്ങിയത്. പൂജാരികള്‍ മരണക്രിയ ചെയ്യില്ല എന്ന് എനിക്കിപ്പോഴാണ് മനസിലായത്.
മാളയില്‍ ഉള്ള ചേട്ടന്‍ ഫോണ്‍ വിൡച്ച് പറഞ്ഞപ്പോഴുള്ള കാര്യമാണ് ഞാന്‍ പറഞ്ഞത്. എന്റെ വായില്‍ നിന്ന് അറിയാതെ വീണൊരു തെറ്റാണ് ഇപ്പോള്‍ മാധ്യമങ്ങളുടെ ഇടയില്‍ വന്നത്. ആ തെറ്റ് തിരുത്തണം. അതിന് മാപ്പ് ചോദിക്കുന്നു. ആ കര്‍മ്മി എന്നോട് പറഞ്ഞത് ഹിന്ദിക്കാരുടെ നാട്ടില്‍ ഇങ്ങനെ ഒരു കര്‍മ്മം ഉണ്ടോ എന്ന് അറിയില്ല എന്നാണ്. അഞ്ച് വയസായ കുട്ടിയല്ലേ മരിച്ചത്. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ ഇങ്ങനെ ഒരു ക്രിയ അവര്‍ നടത്തുമോ എന്ന് ചോദിച്ചു.
അറിയില്ല ചോദിക്കണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആള്‍ പെട്ടെന്ന് കട്ട് ചെയ്തു. പിന്നെ വിളിക്കാന്‍ നിന്നില്ല. അതാണ് എനിക്ക് വിഷമമായത്. ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ടാകുമോ അത് കട്ട് ചെയ്തത് എന്ന് എനിക്ക് തോന്നി. പക്ഷെ വാസ്തവം അതല്ല അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ അഞ്ച് വയസായ കുട്ടിയുടെ കര്‍മം ചെയ്യാന്‍ ആരും വന്നില്ല. അത് കഴിഞ്ഞ് സ്‌കൂളിലെ പൊതുദര്‍ശനം കഴിഞ്ഞ് ഞാന്‍ തിരിച്ച് വരാനായി ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അവിടത്തെ വാര്‍ഡ് മെമ്പറായ ചേട്ടന്‍ പൂജാപുഷ്പങ്ങളും വിളക്കും കിണ്ടിയുമൊക്കെയായി കയറി ശ്മശാന ഭൂമിയിലേക്ക് പോകാന്‍ പറഞ്ഞു.
അവിടെ ചെന്നപ്പോള്‍ ഞാന്‍ ചോദിച്ചു കര്‍മം ചെയ്യാന്‍ ആരെങ്കിലും ഉണ്ടോ എന്ന്. അപ്പോള്‍ ഇദ്ദേഹം പറഞ്ഞു, ആരുമില്ല എന്ന്. എന്നിട്ട് ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് തോര്‍ത്തുമുണ്ടും മുണ്ടും എനിക്ക് തന്നിട്ട് മോന്‍ ചെയ്‌തോ എന്ന് പറഞ്ഞു. അങ്ങനെയാണ് ഈ കര്‍മം ഞാന്‍ ചെയ്യുന്നത്. ഞാന്‍ കര്‍മം പഠിച്ച ആളൊന്നുമല്ല. എനിക്ക് അറിയാവുന്ന കര്‍മങ്ങള്‍ ആ കുട്ടിക്ക് വേണ്ടി ചെയ്തു. ഒരു ക്യാന്‍സര്‍ രോഗി മരിച്ച സമയത്ത് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഞാനാണ് ചെയ്തത്.
ഈ കുട്ടിക്ക് വേണ്ടി ചെയ്യാന്‍ പറ്റിയത് ഭാഗ്യമായി കണക്കാക്കുന്നില്ല. സോഷ്യല്‍ മീഡിയയുടെ മുന്നില്‍ ഒരുപാട് അപരാധങ്ങള്‍ കേള്‍ക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ പലരേയും വിളിച്ചെങ്കിലും കിട്ടിയില്ല. ആ സമയത്ത് ആരേയും കിട്ടാത്തത് കൊണ്ടാണ് ഞാന്‍ സ്വയം ഏറ്റെടുത്ത് ചെയ്തത്. സംസ്‌കാരം കഴിഞ്ഞ് കുളിക്കാന്‍ പോകുന്നത് വരെ ഒരു മാധ്യമങ്ങളുടേയും മുന്നില്‍ ഞാന്‍ വന്നിരുന്നില്ല.
ഞാന്‍ ഫേമസാകാന്‍ പോയതല്ല. കുളിച്ച് വന്നപ്പോഴാണ് ചാനലുകാര്‍ അഞ്ച് പത്ത് പേര്‍ എന്നെ വളഞ്ഞത്. പത്ത് പേരും പല കാര്യങ്ങളാണ് എന്നോട് ചോദിക്കുന്നത്. അതില്‍ മറുപടി പറയുമ്പോള്‍ എന്റെ വായില്‍ നിന്ന് തെറ്റ് പറ്റി. പൂജാരി സമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുകയാണ്. എന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റ് ക്ഷമിക്കണം. ഞാന്‍ നുണ പറഞ്ഞിട്ടില്ല. അന്‍വര്‍ സാറാണ് പറഞ്ഞത് ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും നഗരസഭ കൂടെയുണ്ട് എന്ന്.
സാറും കുറെ ആള്‍ക്കാരും അവിടെ ഉണ്ടായിരുന്നു. അവരും കുറെ ആള്‍ക്കാരെ കര്‍മികളെ ലഭിക്കാന്‍ വേണ്ടി ബന്ധപ്പെട്ടു. അവര്‍ക്ക് വരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ആ മോളെ വെറുതെ മണ്ണിലേക്ക് വെക്കണ്ടല്ലോ എന്ന് വിചാരിച്ച് ഒരു വിളക്കും തിരിയും വെച്ച് എന്റെ മനസ് കൊണ്ട് കര്‍മം ചെയ്തത്. ഇതിന് എന്നെ ഒരിക്കലും കേരള സമൂഹം വെറുക്കരുത്. മൂന്ന് ദിവസമായി ഉറങ്ങിയിട്ട്. ശപിക്കരുത്, അപേക്ഷയാണ്. കേരള സമൂഹത്തോടും പൂജാരി സമൂഹത്തോടും മാപ്പ് ചോദിക്കുന്നു.’