പരിഷ്‌കൃത സമൂഹത്തില്‍ ലൈംഗികാഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താന്‍ മറ്റെവിടെ പോകും; സ്ത്രീധനക്കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി

അലഹബാദ്:ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നം മൂലമാണ് സ്ത്രീധനക്കേസ് നല്‍കിയതെന്ന നിഗമനത്തില്‍ യുവാവിനെതിരായ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി. ഒരു വ്യക്തി തന്റെ ശാരീരികവും ലൈംഗികവുമായ പ്രേരണകളെ തൃപ്തിപ്പെടുത്താനായി എവിടെ പോകാനാണെന്നും കോടതി ചോദിച്ചു.

ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും ബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചതുമാണ് പ്രാഥമിക ആരോപണങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ തര്‍ക്കങ്ങള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടല്ലെന്നും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണെന്നുമുള്ള നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്.

‘തര്‍ക്കം കക്ഷികളുടെ ലൈംഗിക പൊരുത്തക്കേടുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാണ്, സ്ത്രീധന ആരോപണം കെട്ടിചമച്ചതും തെറ്റായതുമായ ആരോപണമാണ്’ കോടതി വ്യക്തമാക്കി. ഒരു പുരുഷന്‍ സ്വന്തം ഭാര്യയില്‍ നിന്നും തിരിച്ചും ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുകയല്ലാതെ ഒരു ധാര്‍മ്മിക പരിഷ്‌കൃത സമൂഹത്തില്‍ ശാരീരിക ലൈംഗികാഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താന്‍ അവര്‍ എവിടെ പോകുമെന്നും കോടതി ചോദിച്ചു.

അശ്ലീല ദൃശ്യങ്ങള്‍ കാണാനും പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടാനും ഭാര്യയെ നിര്‍ബന്ധിച്ചതുള്‍പ്പെടെയുള്ള ശുക്ലയ്‌ക്കെതിരെ ആരോപണങ്ങള്‍ എഫ്ഐആറില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളില്‍ വിശ്വസനീയമായ തെളിവുകളില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

2015-ലാണ് പ്രഞ്ജല്‍ ശുക്ല വിവാഹിതനാകുന്നത്. ഇയാള്‍ക്കെതിരെയും മറ്റു രണ്ടു ബന്ധുക്കള്‍ക്കുമെതിരെയാണ് ഭാര്യ സ്ത്രീധന ആരോപണം ഉന്നയിച്ച് പരാതി നല്‍കിയത്. വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News