അലഹബാദ്: പ്രണയിക്കുന്നവര്‍ക്ക് മതം നോക്കാതെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. പരസ്പരം പ്രണയിക്കുന്ന രണ്ട് വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവരുടെ സംയുക്ത ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ മനോജ് കുമാര്‍ ഗുപ്ത, ദീപക് വര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ ഷിഫാ ഹസനും പങ്കാളിയുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. അവര്‍ പരസ്പരം പ്രണയത്തിലാണെന്നും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കുകയാണെന്നും കോടതിയില്‍ പറഞ്ഞു. ഷിഫ പരാതിയില്‍ ഹിന്ദുവായി പരിവര്‍ത്തനം ചെയ്യാനുള്ള അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.
തന്റെ പിതാവിന് വിവാഹത്തിന് സമ്മതമല്ലാത്തതിനാല്‍ തനിക്ക് ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയക്കുന്നതായി ഷിഫ കോടതിയില്‍ പറഞ്ഞു. പ്രായം കണക്കാക്കി ഹര്‍ജിക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുകയാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം ഇഷ്ടപ്പെട്ടയാളുടെ കൂടെ മതം നോക്കാതെ ജീവിക്കുന്നതിനെ എതിര്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് പോലും അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.