ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവമുണ്ടായത്. ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കു കാറുകള്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്ന് നാല് പേരും ഈ കാറുകള്‍ കത്തിച്ചതിനെ തുടര്‍ന്ന് നാല് പേരും കൊല്ലപ്പെട്ടിരുന്നു.
അജയ് മിശ്രയുടെയും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദര്‍ശനത്തിനെതിരെ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. കേശവ് പ്രസാദ് മൗര്യയും അജയ്കുമാര്‍ മിശ്രയും പങ്കെടുക്കുന്ന പരിപാടി ലഖിംപുരിലെ ബന്‍വീറില്‍ നിശ്ചയിച്ചിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാനായി ഇരുവരും ലഖിംപുരിലെ മഹാരാജ അഗ്രസന്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് ഹെലിപാഡില്‍ ഇറങ്ങുന്നുവെന്ന് അറിഞ്ഞ കര്‍ഷകര്‍, ഹെലിപാഡ് ഉപരോധിക്കാനായി കരിങ്കൊടിയേന്തി അവിടെയെത്തി. അതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷക നിയമങ്ങള്‍ക്കെതിരായ സമരം ഒരു വര്‍ഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.