കൊച്ചി:ഭാഗ്യ നായികയായി തമിഴ് സിനിമയിലൂടെ അരങ്ങേറിയ കൊച്ചു സുന്ദരിയായിരുന്നു ശ്രുതിക. പതിനഞ്ചാം വയസിൽ നടിപ്പിൻ നായകൻ സൂര്യക്കൊപ്പം നായികാ കഥാപാത്രമായാണ് താരം എത്തിയത്. സുരേഷ് ഗോപിയുടെ നായികയായി സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും ശ്രുതിക സുപരിചിതയായി. അഭിനയം തനിക്ക് വഴങ്ങില്ല എന്ന് തീരുമാനിച്ച ശ്രുതിക രണ്ട് വർഷത്തിനു ശേഷം അഭിനയ ജീവിതത്തോട് ബൈ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ശ്രുതികയെ തിരഞ്ഞത്. ഏകദേശം പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് ബിഹൈന്റ് വുഡിലെ ഇന്റർവ്യൂയിലൂടെ താരം പ്രത്യക്ഷപ്പെടുന്നത്. അതിനു ശേഷം വിജയ് ടിവിയിലെ പോപ്പുലർ ഷോ കുക്ക് വിത്ത് കോമാളിയിലൂടെ പ്രേക്ഷകപ്രീതി നേടി. ആദ്യ വരവിലെ തകർച്ച വർഷങ്ങൾക്കു ശേഷം ഗംഭീര റീ-എൻട്രിയാണ് ശ്രുതികക്ക് ലഭിച്ചത്.
ശ്രുതിക എന്തുകൊണ്ട് സിനിമ വിട്ടു എന്നത് ആശ്ചര്യമായിരുന്നു, തുടർന്ന് ഒരു തിരിച്ചു വരവ് നടത്താൻ തയ്യാറാവാത്തതും വലിയ ചോദ്യങ്ങൾക്ക് ഇടയാക്കി. ഇത്തരം ചോദ്യങ്ങൾക്ക് രമ്യയുടെ പോഡ്കാസ്റ്റിലൂടെ ശ്രുതിക പറഞ്ഞത് ഇങ്ങനെയാണ്.
“സിനിമ ഞാനായി ഉപേക്ഷിച്ചതല്ല, സിനിമ എന്നെ വിട്ടതാണ്. ചെയ്ത നാല് സിനിമകളും തുടരെ പരാജയപ്പെട്ടതോടെ, അഭിനയത്തോടുള്ള എന്റെ താത്പര്യം കുറഞ്ഞിരുന്നു. അമ്മയ്ക്കും താത്പര്യം ഉണ്ടായിരുന്നില്ല. ശേഷം എനിക്ക് ഇഷ്ടപ്പെട്ട കോളേജിൽ പോയി പഠിക്കാനും അനുവാദം ലഭിച്ചു. സിനിമയിലൂടെ എത്ര വലിയ അവസരമായിരുന്നു ലഭിച്ചിരുന്നത് എന്ന് ചിന്തിക്കാനുള്ള പക്വത അന്ന് ഇല്ലായിരുന്നു. ഞാനൊരു മികച്ച നടിയല്ല, അതിനു വേണ്ട എഫേർട്ടും എടുത്തിരുന്നില്ല. പിന്നീട് അവസരങ്ങൾ വന്നെങ്കിലും പോകണ്ട എന്ന് തന്നെ തീരുമാനിച്ചു.”
“ശ്രീ” എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. ചിത്രം പരാജയമായിരുന്നുവെങ്കിലും അതിലെ പാട്ടുകൾ വലിയ വിജയമായിരുന്നു. കുക്ക് വിത്ത് കോമാളി സീസൺ3 യുടെ ടൈറ്റിൽ വിന്നറായിരുന്നു ശ്രുതിക. സിനിമയിലെ പരാജയത്തേക്കാൾ ആ ഷോയിലെ വിജയമാണ് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്ന് കുക്ക് വിത്ത് കോമാളി ഷോയുടെ ഗ്രാന്റ് ഫിനാലെ വേദിയിൽ വെച്ച് താരം പറഞ്ഞിരുന്നു.
മിനിസ്ക്രീനിലെ രണ്ടാം വരവിൽ ഏറെ സന്തോഷത്തിലാണ് ശ്രുതിക. എന്നാൽ ബിഗ് സ്ക്രിനിലേക്ക് ഇനിയൊരു ചുവട് വെപ്പിന് താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. വിവാഹത്തിനു ശേഷം കുടുംബമൊത്ത് സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ബിസിനസ് രംഗത്തെ വളർച്ചയാണ് താരത്തിന്റെ ഏറ്റവും വലിയ വിജയം. “ഹാപ്പി ഹെർബ്സ്” എന്ന പേരിൽ ആയുർവേദിക് ഉൽപന്നങ്ങളുടെ ബിസിനസാണ് ശ്രുതിക നടത്തുന്നത്. ഭർത്താവ് അർജ്ജുനും ബിസിനസ് രംഗത്ത് തന്നെയാണ്.
തേങ്ങായ് ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയുടെ കൊച്ചു മകളാണ് ശ്രുതിക. അറുപതുകളിലെ തമിഴ് സിനിമയിൽ മികച്ച കോമഡി വേഷങ്ങൾ ചെയ്ത് ജനപ്രീതി നേടിയ ആളാണ് ശ്രീനിവാസൻ. എന്നാൽ മുത്തച്ഛന്റെ പാത പിന്തുടരാൻ ശ്രുതികക്ക് സാധിച്ചില്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ നിരവധി ബുള്ളിയിങ് നേരിട്ട ശ്രുതിക സിനിമ കരിയർ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.