തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ഡി.സി.സികളെയും പുനസംഘടിപ്പിക്കാന്‍ എ.ഐ.സി.സി തീരുമാനം. എല്ലാ ഡി.സി.സി പ്രസിഡന്റുമാരെയും മാറ്റും. യുവാക്കള്‍ക്ക് പ്രാമുഖ്യം കൊടുക്കാനുള്ള നീക്കമാണെന്നാണ് സൂചന.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കും യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും പുതിയ ആളുകള്‍ വരും. അതേസമയം രാജി സന്നദ്ധത അറിയിച്ച ഡി.സി.സി പ്രസിഡന്റുമാരോട് തത്ക്കാലം തുടരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ജില്ലാ ഘടകങ്ങള്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ എഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ വിലയിരുത്തലിലാണ് ഡിസിസികള്‍ പുനസംഘടിപ്പിക്കാനുള്ള നീക്കത്തിലേക്ക് എഐസിസി എത്താന്‍ കാരണം. താഴേത്തട്ട് മുതല്‍ അഴിച്ചുപണികളുണ്ടാകും.
അതേസമയം പാലക്കാട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം വി.കെ ശ്രീകണ്ഠന്‍ എം.പി രാജി വെച്ചു. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം. വി.കെ ശ്രീകണ്ഠന്‍ സ്ഥാനം ഒഴിയണമെന്ന് എ.വി ഗോപിനാഥ് അടക്കമുള്ള ജില്ലാ നേതാക്കള്‍ ആവശ്യമുയര്‍ത്തി രംഗത്തെത്തിയിരുന്നു.
രാജിക്കത്ത് എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് വി.കെ ശ്രീകണ്ഠന്‍ അറിയിച്ചു. പാലക്കാട്ടെ ജനപ്രതിനിധിയെന്ന നിലയില്‍ പൂര്‍ണ സമയം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് തന്നെ രാജി അംഗീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു.