ബെംഗളൂരു: രാജ്യത്തെ ഞെട്ടിച്ചതായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാർത്ഥയുടെ മരണം. 2019 ജൂലായിൽ മംഗലാപുരത്തിനടുത്ത് വെച്ച് നേത്രാവതി പുഴക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു സിദ്ധാർത്ഥ. 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലാണെന്നും കമ്പനിയുടെ സാമ്പത്തിക നഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാർത്ഥയുടെ ആത്മഹത്യ.
ലാഭകരമായ ബിസിനസ്സ് മോഡൽ സൃഷ്ടിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും പുറത്തുവന്ന സിദ്ധാർത്ഥയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. സ്വകാര്യ ഇക്വിറ്റി പങ്കാളികളിൽ നിന്നും വായ്പകൾ നൽകിയ മറ്റുള്ളവരിൽനിന്നുമുള്ള സമ്മർദ്ദവും ആദായ നികുതി വകുപ്പിൽ നിന്നുള്ള പീഡനവും അസഹനീയമായതായും അദ്ദേഹം പറയുകയുണ്ടായി. ആരെയും വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ആയിരുന്നില്ല, ഒരു സംരംഭകൻ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു കുറിപ്പിൽ പറഞ്ഞു.
ഇവിടെ നിന്നാണ് മാളവിക ഹെഗ്ഡെയുടെ കഥ ആരംഭിക്കുന്നത്. ഭർത്താവിന്റെ മരണത്തിന്റെ ആഘാതവും മറ്റും ബുദ്ധിമുട്ടുകളിലും പ്രതിസന്ധിയിലായ ഒരു സ്ത്രീക്ക് എങ്ങനെ നഷ്ടത്തിലായ കമ്പനിയെ ഉയർത്തെഴുന്നേൽപ്പിക്കാനാകുമെന്ന് പലരും സംശയംപ്രകടിപ്പിച്ചു. വൻ സാമ്പത്തിക പ്രതിസന്ധിയിലായ കഫേ കോഫി ഡേ സിദ്ധാർത്ഥയുടെ മരണത്തോടുകൂടി വിസ്മൃതിയിലാകുമെന്ന് ആളുകൾ ഉറച്ച് വിശ്വസിച്ചു.
എന്നാൽ സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്ഡെ ഈ വാദങ്ങളെല്ലാം തകിടംമറിച്ച് കഫേ കോഫിഡേയ്ക്ക് പുതിയ യുഗം സൃഷ്ടിച്ചിരിക്കുകയാണ്. നിലയില്ലാ കയത്തിൽ മുങ്ങി താന്നുകൊണ്ടിരുന്ന കമ്പനിക്ക് അവർ ശ്വാസം നൽകിയിരിക്കുന്നു. 2020 ഡിസംബറിലാണ് കഫേ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തത്.
അന്നുമുതൽ കമ്പനിയുടെ വളർച്ചയ്ക്കായി അവർ അക്ഷീണം പ്രവർത്തിച്ചുവരികയാണ്. 2019-ൽ കോഫി ഡേയ്ക്ക് 7,000 കോടി രൂപയിലധികം കടമുണ്ടായിരുന്നു. ഒരു ഭാഗത്ത് ഭർത്താവിനെ നഷ്ടപ്പെട്ടതിന്റെ ആഘാതവും മറുഭാഗത്ത് കമ്പനിയുടെ ഈ നഷ്ടവും മാളവികയുടെ മുന്നിൽ വലിയൊരു പ്രതിസന്ധിയായിരുന്നു. പക്ഷേ അവർ തളർന്നില്ല. 2021 മാർച്ച് 31 ആയപ്പോൾ കമ്പനിയുടെ കടം വെറും 1731 കോടി രൂപയാണെന്നാണ് അതിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.
മുൻ കർണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മകളാണ് മാളവിക ഹെഗ്ഡെ. 1969-ൽ ബെംഗളൂരുവിലായിരുന്നു ജനനം. ബെംഗളൂരു സർവകലാശാലയിൽ നിന്ന് എഞ്ചീനിയറിങ് പൂർത്തിയാക്കിയ മാളിവിക 1991-ലാണ് സിദ്ധാർത്ഥയുമായി വിവാഹിതയാകുന്നത്. ഇഷാൻ, അമർത്യ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ മകൾ ഐശ്വര്യയെയാണ് അമർത്യ വിവാഹം കഴിച്ചിരിക്കുന്നത്.
കഫേ കോഫിഡേയുടെ സിഇഒ ആകുന്നതിന്റെ മുമ്പ് മാളവിക ഒമ്പത് വർഷത്തോളം കമ്പനിയുടെ നോൺ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.മാളവിക നേതൃത്വത്തിൽ എത്തിയതിന് പിന്നാലെ അതിശയകരമായ ഉയർത്തെഴുന്നേൽപ്പാണ് കഫേ കോഫി ഡേയ്ക്ക് ഉണ്ടായിട്ടുള്ളത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും മാളവികയ്ക്ക് കമ്പനിയുടെ ബാധ്യത കുറച്ചുകൊണ്ടുവരാൻ സാധിച്ചു. വെല്ലുവിളികൾ വർധിച്ചു, സിദ്ധാർത്ഥയുടെ അഭിമാനമായ പാരമ്പര്യം ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു എന്റെ ദൗത്യം. ബാധ്യതകളെല്ലാം പരമാവധി തീർക്കാനും ബിസിനസ്സ് വളർത്താനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം എനിക്ക് ഒരു ജോലി വിട്ടുതന്നുകൊണ്ടാണ് പോയത് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ മാളവിക പറയുകയുണ്ടായി.
2019 മാർച്ച് 31-ന് കഫേ കോഫിഡേയുടെ ബാധ്യത 7200 കോടി രൂപയായിരുന്നു. 2020-ൽ ഇത് 3100 കോടി രൂപയായി. 2021 മാർച്ച് 31 ആയപ്പോഴേക്കും ഈ ബാധ്യത 1731 കോടിയിലെത്തി. ഗണ്യമായ കടം കുറച്ചതിന് ശേഷം സ്ഥാപനത്തെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാൻ മാനേജ്മെന്റ് കഠിനമായി പരിശ്രമിക്കുകയാണെന്ന് കഴിഞ്ഞ വർഷം പുറത്തിറക്കിയ കമ്പനിയുടെ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങൾക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയായിരുന്നു ഈ ഉയർത്തെഴുന്നേൽപ്പ്.
കടബാധ്യതയില്ലാതെ കഫേ കോഫിഡേയെ കോടികളുടെ മൂല്യമുള്ള കമ്പനിയാക്കുകയാണ് മാളവികയുടെ ലക്ഷ്യം. അന്തരിച്ച ഭർത്താവിന്റെ പാത പിന്തുടർന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കോഫി ഡേ ഷോപ്പുകൾ തുറക്കുക എന്നത് മാളവികയുടെ സ്വപ്നമായി മാറിയിരിക്കുകയാണ്.
കോവിഡ് പ്രതിസന്ധികൾക്കിടയിൽ നിക്ഷേപകരെ കണ്ടെത്തി കമ്പനിയിലേക്ക് കൂടുതൽ മൂലധനം എത്തിക്കാൻ അവർക്കായി. നിലവിൽ കഫേ കോഫിഡേയ്ക്ക് രാജ്യത്തുടനീളം 572 കഫേകൾ സ്വന്തമായുണ്ട്. കൂടാതെ 333 കിയോസ്കുകളും പ്രവർത്തിക്കുന്നു. 36,000 ത്തോളം കോഫി വെൻഡിങ് മെഷീനുകളും ഇവർ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.