ജറുസലേം: ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ ഇറാന്‍ ഏതു നിമിഷവും തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് ഇസ്രയേല്‍ ഇന്നുള്ളത്. യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഫക്രിസാദെയുടെ മരണത്തിനു പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണെന്നാണ് ഇറാന്‍ ആരോപിച്ചത്. തക്കസമയത്ത് ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ വച്ച് ഇസ്രയേല്‍ പൗരന്മാര്‍ക്കു നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികള്‍ ആശങ്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കു പോകുന്ന ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നാണ് കൗണ്ടര്‍ ടെററിസം കമ്മിഷന്റെ മുന്നറിയിപ്പ്.
വരുന്ന ആഴ്ചകളില്‍ ആയിരക്കണക്കിന് ഇസ്രയേലി പൗരന്മാര്‍ ഗള്‍ഫ് നാടുകളിലേക്ക് ടൂറിസത്തിനായി പോകുമെന്നാണ് കരുതുന്നത്. അത്തരക്കാരുടെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ദേശീയ സുരക്ഷാ കൗണ്‍സിലും വിലയിരുത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റു രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്കു ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഏത് അസാധാരണ സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര പ്രതിനിധികളെ അറിയിച്ചു.