ന്യൂഡല്‍ഹി: രാജ്യത്ത് 16 കോടിയിലധികം ആളുകള്‍ മദ്യത്തിന് അടിമയാണെന്ന് കണക്കുകള്‍. ലോക്‌സഭയില്‍ ടി.എന്‍. പ്രതാപന്റെ ചോദ്യത്തിനു രേഖാമൂലം മറുപടി എന്ന നിലയില്‍ കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍ കഠാരിയയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സര്‍വേ അനുസരിച്ചുള്ള കണക്കാണിത്. മദ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് കഞ്ചാവാണ്. മൂന്നു കോടിയിലേറെപ്പേര്‍ കഞ്ചാവ് ഉപയോഗിക്കുന്നു.
കറുപ്പില്‍നിന്നുത്പാദിപ്പിക്കുന്ന മയക്കുമരുന്നിനാണ് ആവശ്യക്കാര്‍ കൂടുതല്‍. രണ്ടുകോടിയോളം പേര്‍ വേദനസംഹാരികളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മൂന്നുകോടിയോളം ആളുകള്‍ മദ്യാസക്തിമൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. അരക്കോടിയോളം പേര്‍ കഞ്ചാവിനും കറുപ്പിനും അടിമകളാണെന്നും മന്ത്രി അറിയിച്ചു.