ആലപ്പുഴ: ഹോട്ടല്‍ ബില്ല് വിവാദത്തില്‍ ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കളക്ടര്‍. പി.പി ചിത്തരഞ്ജന്‍ എംഎല്‍എ ഭക്ഷണം കഴിച്ച ഹോട്ടലില്‍ വില കൂടുതല്‍ ആയിരുന്നുവെന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്നും എന്നാല്‍, നിയമപരമായ നടപടിക്ക് ജില്ലാ ഭരണകൂടത്തിന് അധികാരമില്ലെന്നും കളക്ടര്‍ പറഞ്ഞു.
വില ഏകീകരണം അടക്കമുള്ള നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം, ഹോട്ടല്‍ ബില്ല് വിവാദത്തില്‍ വിശദീകരണവുമായി നേരത്തെ ചിത്തരഞ്ജന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു.
ഹോട്ടല്‍ ഭക്ഷണത്തിന് അമിത വില ഈടാക്കിയത് ചൂണ്ടിക്കാട്ടിയ തന്നെ ട്രോളുകള്‍ ഉണ്ടാക്കി അപഹസിക്കുന്നെന്ന് ചിത്തരഞ്ജന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിലര്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും താന്‍ പ്രതികരിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഭക്ഷണം കഴിച്ച ശേഷം താന്‍ പണം നല്‍കിയില്ല എന്ന മുന്‍ എംഎല്‍എ വി ടി ബല്‍റാമിന്റെ പരാമര്‍ശം അങ്ങേയറ്റം നിലവാരം കുറഞ്ഞതാണ്. പണം നല്‍കിയോ ഇല്ലയോ എന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കിയിട്ട് തന്നെയാണ് മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.