പ്രവാചകനിന്ദ:ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന് അൽ ഖ്വയ്ദയുടെ ഭീഷണി
ന്യൂഡൽഹി: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണം (suicide attacks) നടത്താൻ പദ്ധതിയിട്ട് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ (Al-Qaeda). ബിജെപി നേതാക്കൾ നടത്തി നബി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ദില്ലി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നാണ് കത്തിൽ പറയുന്നത്.
പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തിൽ പറയുന്നുണ്ട്. ദില്ലി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, കർണാടകയിലെ ഹിജാബ് വിഷയത്തിലും പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ രംഗത്ത് വന്നിരുന്നു. അടിച്ചമർത്തലിനെതിരെ ഇന്ത്യയിലെ പ്രതികരിക്കണമെന്ന് അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി ആവശ്യപ്പെട്ടു. ഖാഇദയുടെ ഔദ്യോഗിക ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാർത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാർഥി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു.
സ്വന്തം കവിത ചൊല്ലിയാണ് സവാഹിരി മുസ്കാൻ ഖാനെ പ്രശംസിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ‘ ദ നോബിൾ വുമൺ ഓഫ് ഇന്ത്യ’ എന്ന് എഴുതിയ പോസ്റ്ററിന്റെ പശ്ചാത്തലത്തിലായിരുന്നു സവാഹിരിയുടെ വീഡിയോ. ഹിജാബ് നിരോധിച്ച രാജ്യങ്ങളെയും സവാഹിരി വിമർശിച്ചു. പാകിസ്ഥാനും ബംഗ്ലാദേശും പടിഞ്ഞാറൻ രാജ്യങ്ങളുടെ സഖ്യകക്ഷികളാണെന്നും സവാഹിരി ആരോപിച്ചു. കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായാണ്മു സവാഹിരി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ ഒളിത്താവളത്തിലാണ് സവാഹിരിയെന്നാണ് സൂചന. 2021 നവംബറിലെ തന്റെ വീഡിയോയിൽ സവാഹിരി ഐക്യരാഷ്ട്രസഭയെ വിമർശിച്ചിരുന്നു. യുഎൻ ഇസ്ലാമിനോട് ശത്രുത പുലർത്തുന്നുവെന്നും യുഎൻ ഇസ്ലാമിക രാജ്യ ങ്ങൾക്ക് ഭീഷണിയാണെന്നുമായിരുന്നു സവാഹിരിയുടെ പരാമർശം.
അതേസമയം, ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയണം എന്നയാവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കിൽ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇറാഖും ലിബിയയും നബിവിരുദ്ധ പരാമർശത്തിനെതിരെ ഇന്ന് പ്രസ്താവനയിറക്കി.