അജ്മാന്‍: യുഎഇയില്‍ വന്‍ തീപിടിത്തത്തില്‍ നശിച്ചത് 125 കടകള്‍. ബുധനാഴ്ച വൈകുന്നേരമാണ് അജ്മാന്‍ പബ്ലിക് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 125 കടകള്‍ പൂര്‍ണമായി കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അജ്മാന്‍ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി മാര്‍ക്കറ്റ് നാല് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു.
സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും 25ഓളം പൊലീസ്, ആംബുലന്‍സ് വാഹനങ്ങളും ഉടന്‍ തന്നെ സംഭവസ്ഥലത്ത് കുതിച്ചെത്തിയിരുന്നു. തീപ്പിടിത്തമുണ്ടായി ആദ്യ മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി. സമീപത്തെ മറ്റിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനുമായെന്ന് ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി പറഞ്ഞു. കെട്ടിടങ്ങളിലുണ്ടായിരുന്നവരെ പൊലീസ് ഒഴിപ്പിച്ചു. അജ്മാന്‍ സിവില്‍ ഡിഫന്‍സിനൊപ്പം ദുബായ്, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘങ്ങളും തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ അസീസ് അലി അല്‍ ശംസി പറഞ്ഞു.