മുംബൈ:ഇന്ത്യൻ സിനിമയിൽ സൗന്ദര്യം കൊണ്ട് വിസ്മയം തീർത്ത നടിയാണ് ഐശ്വര്യ റായ്. ഐശ്വര്യക്ക് മുൻപോ ശേഷമോ ഇത്രയും സൗന്ദര്യമുള്ള നടിയെ പ്രേക്ഷകർ കണ്ടിട്ടില്ല. ഫാഷൻ രംഗത്തെ തരംഗമായി മാറിയ ഐശ്വര്യ ഇരുവർ എന്ന മണിരത്നം സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ബോളിവുഡിൽ തിരക്കേറിയ താരം നിരവധി സിനിമകളിൽ അഭിനയിച്ചു. ഹിന്ദി സിനിമാ രംഗത്തെ മുൻനിര താരമാണെങ്കിലും തന്റെ തെന്നിന്ത്യൻ പാരമ്പര്യത്തെ ഐശ്വര്യ മറന്നില്ല.
വിവാഹ സമയത്ത് തെന്നിന്ത്യയിലെ പരമ്പരാഗത വധുവിനെ പോലെ ഒരുങ്ങണമെന്ന് ഐശ്വര്യക്ക് നിർബന്ധം ഉണ്ടായിരുന്നു. തമിഴ് സിനിമാ ലോകത്തെ ഐശ്വര്യ എന്നും മാനിച്ചു. ഇരുവറിന് ശേഷം ജീൻസ്, രാവണൻ, യന്തിരൻ, പൊന്നിയിൻ സെൽവൻ എന്നീ തമിഴ് സിനിമകളിൽ നടി അഭിനയിച്ചു. ദക്ഷിണേന്ത്യൻ സിനിമയെ ഐശ്വര്യ വിലമതിക്കുന്നെന്ന് അടുത്തിടെ നടി ശോഭനയും ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ഐശ്വര്യ റായെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഐശ്വര്യ തമിഴ് സിനിമകളിൽ അഭിനയിച്ചപ്പോഴുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. ജീൻസിൽ ഐശ്വര്യയുടെ കോസ്റ്റ്യൂം ഡിസെൻ ചെയ്ത കാശിയെക്കുറിച്ചും ഇദ്ദേഹം പരാമർശിച്ചു.
കോസ്റ്റ്യൂം ഡിസൈനിങ്ങിൽ അസിസ്റ്റന്റായിരുന്ന കാശിയെ കോസ്റ്റ്യൂം ഡിസൈനറായി മാറ്റിയത് സംവിധായകൻ ശങ്കറാണ്. ലോക സുന്ദരിക്ക് ഒരു വസ്ത്രം തയ്ക്കുകയാണെങ്കിൽ എങ്ങനെ തയ്ക്കുമെന്ന് ശങ്കർ ചോദിച്ചു. അദ്ദേഹം ഏറെ അധ്വാനിച്ച് ഐശ്വര്യക്കുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. ഒരു ഗാനരംഗത്തിലെ വസ്ത്രം കണ്ട് ഐശ്വര്യ റായ് അത്ഭുതപ്പെട്ടു. ആരാണ് കോസ്റ്റ്യൂം ഡിസൈനറെന്ന് ഐശ്വര്യ ചോദിച്ചു. കാശിയെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു.
ഈ വസ്ത്രം ഞാനെടുക്കട്ടെയെന്ന് ചോദിച്ചു. ഷോട്ട് കഴിഞ്ഞ ശേഷം ആ വസ്ത്രം നല്ല രീതിയിൽ പാക്ക് ചെയ്ത് ഐശ്വര്യക്ക് കൊടുത്തെന്നും ചെയ്യാറു ബാലു ഓർത്തു. ഐശ്വര്യ അഭിനയിച്ച രാവണൻ എന്ന സിനിമയക്കിടെയുണ്ടായ സംഭവവും ഇദ്ദേഹം വിശദീകരിച്ചു. ഐശ്വര്യ റായ്ക്ക് മാത്രം താജ് ഹോട്ടലിൽ നിന്നും ഭക്ഷണം വരും, നിങ്ങൾ കൊടുക്കേണ്ട എന്ന് യൂണിറ്റിനോട് മണിരത്നം പറഞ്ഞിരുന്നു. സെറ്റിൽ വെച്ച് ഒരു കപ്പ് രസം വേണമെന്ന് പാചകക്കാരനോട് ഐശ്വര്യ പറഞ്ഞു.
അദ്ദേഹം രസം നൽകി. രുചി വളരെ ഇഷ്ടപ്പെട്ട ഐശ്വര്യ ഇതിന്റെ റെസിപ്പി എഴുതി തരുമോ എന്ന് ചോദിച്ചു. അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. നിങ്ങൾ പറഞ്ഞോളൂ ഞാൻ എഴുതാം എന്ന് ഐശ്വര്യ. ആ പാചകക്കാരൻ ഏറെക്കാലം ഇക്കാര്യം പെരുമയോടെ എല്ലാവരോടും പറഞ്ഞിരുന്നെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. പോകുന്നിടത്തെല്ലാം ഭവ്യതയോടെ പെരുമാറിയതാണ് ഐശ്വര്യയുടെ വളർച്ചയ്ക്ക് കാരണമായതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അഭിനയിച്ചത്. അവിസ്മരണീയ പ്രകടനമാണ് ഐശ്വര്യ സിനിമയിൽ കാഴ്ച വെച്ചത്. 49 കാരിയായി ഐശ്വര്യയുടെ സൗന്ദര്യം സിനിമയിൽ ജ്വലിച്ച് നിന്നു. പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മികച്ച തിരക്കഥകൾക്കായി കാത്തിരിക്കുകയാണ് താരമെന്ന് റിപ്പോർട്ടുകളുണ്ട്. ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചനും കരിയറിൽ സജീവമാണ്. ഗൂമർ ആണ് അഭിഷേകിന്റെ പുതിയ ചിത്രം.