ന്യൂഡൽഹി: വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന നിർദേശവുമായി എഐയു (അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്). രാജ്യത്തെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് (എച്ച്ഇഐ) എഐയു നിർദേശം നൽകിയിരിക്കുന്നത്. വിദ്യാർഥികൾ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിന് പകരം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് അവരെ ഉപദേശിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
സ്ഥാപനങ്ങളുടെ വൈസ് ചാൻസിലർമാർക്കും ഡയറക്ടർമാർക്കും അയച്ച കത്തിലാണ് എഐയു പ്രസിഡന്റ് വിനയ് കുമാർ പതക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിദ്യാർഥികളോട് സഹാനുഭൂതിയോടെ ഇടപഴകാനും അവരുടെ അക്കാദമിക് പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും പ്രോത്സാഹിപ്പിക്കണം. പ്രതിഷേധങ്ങൾക്കായി ഊർജം ചെലവഴിക്കാൻ അനുവദിക്കാതെ മറ്റുകാര്യങ്ങളിലേക്ക് വഴിതിരിച്ചു വിടണമെന്നും കത്തിൽ പറയുന്നു. വിദ്യാർഥികളുടെ പരാതികളും ഉത്കണ്ഠകളും ന്യായമാണെന്നും അവ ബഹുമാനത്തോടെ കേൾക്കാൻ തയ്യാറാകണമെന്നും എ.ഐ.യു വ്യക്തമാക്കുന്നു.
നീണ്ടുനിൽക്കുന്ന സമരങ്ങളും പ്രക്ഷോഭങ്ങളും വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിയെ പ്രതികൂലമായി ബാധിക്കും. ഇത് പഠനം തടസ്സപ്പെടുത്തുന്നതിനും പരീക്ഷാ തയ്യാറെടുപ്പുകളെ ബാധിക്കുന്നതിനും അനാവശ്യ മാനസിക സമ്മർദ്ദത്തിനും കാരണമാകുമെന്നും എ.ഐ.യു ചൂണ്ടിക്കാട്ടുന്നു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെയും വിവിധ വിദ്യാർഥിസംഘടനകളുടെയും നേതൃത്വത്തിൽ പ്രക്ഷോഭം തുടരുകയാണ്. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ച് രാജ്യത്തെ വിവിധ സർവകലാശാലകളിലും കാന്പസുകളിലും വിവിധ സംഘടനകൾ സമരം ആരംഭിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് എഐയുവിന്റെ നിർദേശം.
English SummaryAmid widespread student protests across the country, the Association of Indian Universities (AIU) issued an advisory to all universities and Higher Educational Institutions (HEIs) in India. The AIU directed institution heads, including Vice-Chancellors and Principals, to counsel students to refrain from participating in agitations and instead focus on their academic pursuits to maintain peace on campuses.


