കൊച്ചി:മലയാളത്തിലെ പുതുമുഖ താരങ്ങളിൽ ശ്രദ്ധേയനാണ് ഷൈൻ ടോം ചാക്കോ. സമീപകാലത്ത് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടന്മാരിൽ ഒരാളാണ് ഷൈൻ. നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. ഏത് കഥാപാത്രമായാലും അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ളയാളാണ് താനെന്ന് ഷൈൻ ഇതിനോടകം തെളിയിച്ചിട്ടുണ്ട്.
ഓരോ സിനിമയ്ക്ക് ശേഷവും നടനെന്ന നിലയിൽ തന്റെ ഗ്രാഫ് ഉയർത്തുന്ന നടനാണ് ഷൈൻ. പഴയ താരങ്ങളെ പോലെ ഒരേ സമയം രണ്ടും മൂന്നും സിനിമകളിൽ അഭിനയിക്കുന്ന അത്രയേറെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് നടൻ ഇപ്പോൾ. അടുത്തിടെ പുറത്തിറങ്ങിയ കുറുപ്പ്, ഭീഷ്മ പർവ്വം, തല്ലുമാല തുടങ്ങിയ സിനിമകളിൽ ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങൾ ചെയ്ത് ഷൈൻ കയ്യടി നേടിയിരുന്നു. കുമാരിയാണ് ഷൈനിന്റെ ഏറ്റവും പുതിയ ചിത്രം.
ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. നിർമ്മൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഐശ്വര്യയുടെ കഥാപാത്രമായ കുമാരിയുടെ ഭർത്താവിന്റെ വേഷത്തിലാണ് ഷൈൻ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചും ഐശ്വര്യയ്ക്ക് ഒപ്പം അഭിനയിച്ചതിനെ കുറിച്ചും ഷൈൻ ഒരു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ചിത്രത്തിന് വേണ്ടി ഐശ്വര്യ ഒരുപാട് വേദന സഹിച്ചിട്ടുണ്ടെന്നും തന്നോട് ഒരിക്കൽ എന്തൊരു അലമ്പാടോ താൻ എന്ന് ഐശ്വര്യയ്ക്ക് ചോദിക്കേണ്ടി വന്നിട്ടുണ്ടെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. ഐശ്വര്യയ്ക്കൊപ്പമുള്ള അഭിനയം എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. ഷൈനിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
‘എന്തൊരു അലമ്പാടോ താൻ. തൊട്ടു പോകരുത് എന്നെ എന്നൊക്കെ പറയും. എന്നിട്ട് ഞാൻ അപ്പുറത്ത് പോയി നിന്ന് അവളെ കുറേ ചീത്ത വിളിക്കും. തൊട്ടുപോകരുത് എന്നൊക്കെ പറയുമ്പോൾ തൊടാതെ പിന്നെ എങ്ങനെയാ അഭിനയിക്കുക എന്ന് ഞാനും ചോദിക്കും. അവളെ ചുറ്റിപ്പിടിക്കുന്ന ഒരു സീനിൽ ഞാൻ ഒരുപാട് ബലം ഉപയോഗിക്കുന്നുണ്ട്. ചിലപ്പോൾ വേദനിച്ചെന്ന് വരും. അത്രയും പെയിൻ ഇല്ലാതെ പിന്നെ നമ്മൾ എങ്ങനെ ഗെയിൻ ചെയ്യും. ഉപദ്രവിക്കണം എന്നൊന്നും വിചാരിച്ചിട്ട് അല്ലാലോ നമ്മൾ അത് ചെയ്യുന്നത്’,
‘ആ സമയത്ത് നമ്മൾ അത് ചെയ്യണം. അതേ വർക്കാവുകയുള്ളു. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരാളെ ഉപദ്രവിക്കുക എന്നുള്ളതല്ല, ആ സീൻ വർക്കാവണം. എന്നാലല്ലേ കാണുന്നവർക്ക് ആ ഫീൽ കിട്ടു. അല്ലെങ്കിൽ സ്റ്റേജിൽ നടക്കുന്ന ഒരു ഡ്രാമയായിട്ടല്ലേ ആളുകൾക്ക് തോന്നു. കുറച്ചധികം വേദന സഹിച്ചിട്ടുണ്ട് ഐശ്വര്യ’, ഷൈൻ പറഞ്ഞു.
അതേസമയം, ഷൈനിനൊപ്പമുള്ള അനുഭവം മറ്റൊരു അഭിമുഖത്തിൽ ഐശ്വര്യയും പങ്കുവച്ചിരുന്നു. ഷൈൻ അഭിനയിക്കുന്നത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. കഥാപാത്രം കുളിച്ചിട്ടുണ്ടോ എന്ന് നോക്കി അതനുസരിച്ച് വന്ന് അഭിനയിക്കുന്ന ആളാണ്. ഞാനൊക്കെ ആണെങ്കിൽ അതെന്തിനാണ് നോക്കുന്നത് എന്നാണ് ചിന്തിക്കുക. ഷൈൻ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്നാണ് ചെയ്യുക. ഓരോ രംഗവും ചിന്തിച്ചാണ് ചെയ്യുക. അതിന്റെ വ്യത്യാസം കാണാൻ പറ്റുമെന്നും ഐശ്വര്യ പറഞ്ഞു.
അഭിമുഖങ്ങളിൽ കാണുന്ന ഷൈനെ അല്ല സിനിമാ സെറ്റിൽ കാണുകയെന്നും ഐശ്വര്യ പറഞ്ഞിരുന്നു. എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍. സെറ്റില്‍ കഥാപാത്രമായി മാത്രം കാണാന്‍ കഴിയുന്ന വ്യക്തിയാണ് ഷൈനെന്നാണ് ഐശ്വര്യ പറഞ്ഞത്.