തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമസഹായത്തിനായി സമീപിച്ചത് ഗൗതം അദാനിയുടെ ബന്ധുവിന്റെ കമ്പനിയില്‍. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്ധോപദേശത്തിന് കള്‍സള്‍ട്ടന്‍സി ഫീസ് നല്‍കിയത്.
ഗൗതം അദാനിയുടെ മകന്‍ കരണിന്റെ ഭാര്യാ പിതാവ് സിറിള്‍ ഷെറോഫിന്റേതാണ് ഈ സ്ഥാപനം. അദാനിയുടെ മരുമകള്‍ ഈ കമ്പനിയുടെ പാര്‍ട്ണറുമാണ്. കണ്‍സള്‍ട്ടന്‍സി ഫീസായി 55 ലക്ഷം രൂപ കേരളം ഇവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ-രാഷ്ട്രീയ പോരാട്ടം നടത്തുമ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്.
ആഗോള കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ കെ.പി.എം.ജിയേയും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറില്‍ അമര്‍ചന്ദ് ഗ്രൂപ്പിനെയുമാണ് വിമാനത്താവള ലേലത്തിനുള്ള കണ്‍സള്‍ട്ടന്‍സിക്കായി കെ.എസ്.ഐ.ഡി.സി ചുമതല ഏല്‍പിച്ചത്.