HealthKeralaNews

കോവിഡ് ടെസ്റ്റിന്റെ പേരിൽ തട്ടിപ്പ് ; ആദ്യ ടെസ്റ്റിൽ പോസിറ്റീവ്, പിന്നീട് പരിശോധിച്ചപ്പോൾ രോഗം വന്നിട്ടേയില്ല; മെഡിവിഷന്‍ പരാതിയുമായി ഗപ്പി’ സംവിധായകൻ

കോട്ടയം:സ്വകാര്യ ലാബിലെ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് എന്നു തെറ്റായ ഫലം തന്നതിനെത്തുടർന്നു കോവിഡ് സെന്‍ററിൽ കഴിയേണ്ടി വന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവസംവിധായകൻ ജോൺപോൾ ജോർജ്..ഈ വിവരം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നൽകി.

2,750 രൂപ മുടക്കി ചെയ്ത കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് എന്നു തെറ്റായ ഫലം കിട്ടിയതു മൂലം രോഗമില്ലാത്ത താൻ കോവിഡ് രോഗികൾക്കൊപ്പം നാലു ദിവസം കോവിഡ് സെന്‍ററിൽ കഴിയേണ്ടി വന്നെന്നും പരാതിയിൽ പറയുന്നു. താൻ മാത്രമല്ല കോട്ടയത്തെ ഒരു നവജാതശിശു ഉൾപ്പെടെയുള്ള കുടുംബത്തിനും സമാന രീതിയിലുള്ള ദുരനുഭവം ഉണ്ടായി എന്നും ജോൺപോൾ ജോർജ് പറയുന്നു.

മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ പൂർണരൂപം ഇങ്ങനെ..-

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

സർക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് 1,251 കോവിഡ് രോഗികളുണ്ടെന്നാണ് അങ്ങു പത്രസമ്മേളനത്തിൽ പറഞ്ഞത്.എന്നാൽ, അതിലൊന്ന് രോഗമില്ലാതിരുന്ന ഞാൻ ആയിരുന്നു.

അങ്ങയുടെ സര്‍ക്കാരിന്‍റെ കോവിഡ് പ്രവര്‍ത്തനങ്ങളെ മുഴുവന്‍ കളങ്കപ്പെടുത്തുന്ന, കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന, ചെയ്യാത്ത കുറ്റത്തിനു ദ്രോഹിക്കുന്ന ചില കാര്യങ്ങളും ഈ നാട്ടില്‍ നടക്കുന്നുണ്ടെന്ന് അങ്ങയെ അറിയിക്കാനാണ് ഈ കത്ത്. ഇതിനെതിരേ അങ്ങു കർശന നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഇത് ആരെങ്കിലും പറഞ്ഞുകേട്ട സംഭവം അല്ല, ചിലരുടെ വീഴ്ച മൂലം ഞാൻ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതമാണ്. സുഹൃത്തിനു കോവിഡ് പോസിറ്റീവായെന്ന് അറിഞ്ഞ ദിവസം മുതൽ, ആരും നിർദേശിക്കാതെതന്നെ ക്വാറന്‍റൈനില്‍ ഇരിക്കുകയായിരുന്നു ഞാൻ.

16 ദിവസങ്ങള്‍ക്കു ശേഷവും ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. എനിക്കു കോവിഡ് കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് അറിയാമായിരുന്നിട്ടും ജോലി സംബന്ധമായ ചില യാത്രകള്‍ അനിവാര്യമായിരുന്നതുകൊണ്ട് അതിനു മുന്നോടിയായി സ്വന്തം നിലയിൽ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു.

സർക്കാർ കോവിഡ് ടെസ്റ്റിന് അംഗീകാരം നൽകിയിരിക്കുന്ന കോട്ടയത്തെ മെഡിവിഷന്‍ ലാബില്‍ 2,750 രൂപ മുടക്കി RT-PCR ടെസ്റ്റ് നടത്തി. ഒരു ശതമാനം പോലും കരുതിയില്ല ഞാന്‍ പോസിറ്റീവാകുമെന്ന്. പക്ഷേ, എന്നെ വിളിച്ചത് ആരോഗ്യവകുപ്പില്‍നിന്നാണ്, എന്‍റെ റിസള്‍ട്ട് കോവിഡ് പോസിറ്റീവായിരുന്നു. പിന്നീടുള്ള മണിക്കൂറുകള്‍ എന്‍റെ ജീവിതത്തില്‍ സംഭവിച്ചതു ഒരിക്കലും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്.

ബാഗും പായ്ക്ക് ചെയ്തു ഞാന്‍ പോവുന്നതു നോക്കി ജനാലകള്‍ക്കുള്ളിൽ, എന്‍റെ അപ്പനും അമ്മയും കരയുന്നത്, ആംബുലന്‍സിന്‍റെ ചുവന്ന വെളിച്ചത്തില്‍ എനിക്കു കാണാമായിരുന്നു. എന്‍റെ രോഗാവസ്ഥയെക്കാൾ എനിക്കു ചിന്തയും പേടിയും, ആ അവസരത്തില്‍ ശാരീരികവും മാനസികവുമായി തളര്‍ന്ന അവര്‍ക്കെന്തെങ്കിലും സംഭവിക്കുമോ എന്നോര്‍ത്തായിരുന്നു. അവരെല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെട്ടിരുന്നു.

എന്നെ ചങ്ങനാശേരിയിലെ കോവിഡ് സെന്‍ററിലെത്തിച്ചു. തിരക്കു കുറവായിരുന്നെങ്കിലും, 50 കോവിഡ് ബാധിതരെങ്കിലും അവിടുണ്ടായിരുന്നു. ആ രാത്രി മുതല്‍ ഞാനും അവര്‍ക്കൊപ്പമായിരുന്നു.

അടുത്ത ദിവസം ആരോഗ്യവകുപ്പിനു മെഡിവിഷന്‍റെ ലാബ് റിസള്‍ട്ടുകളില്‍ സംശയം തോന്നിയതുകൊണ്ടാവാം, മെഡിവിഷനില്‍ ടെസ്റ്റ് ചെയ്തു പോസിറ്റീവായ പലരുടെയും റീടെസ്റ്റ് നടത്തി, ഒപ്പം എന്‍റെയും. RT-PCR ടെസ്റ്റ് തന്നെ.

മൂന്നു ദിവസത്തിനു ശേഷം റിസള്‍ട്ട് വന്നു. എന്‍റെ കാര്യം മാത്രമേ എന്നെ അറിയിച്ചുള്ളു. ഞാന്‍ നെഗറ്റീവ്. റിസള്‍ട്ട് അറിഞ്ഞ ഉടന്‍ ഞാന്‍ ഡിസ്ചാര്‍ജ് ലെറ്റര്‍ വാങ്ങി. എന്നാൽ, രോഗമില്ലാത്ത ഞാൻ കോവിഡ് സെന്‍ററില്‍ കഴിഞ്ഞതിനാല്‍ വീണ്ടും ക്വാറന്‍റൈനിൽ.

ഇതിനിടെ, ലാബ് അധികൃതരുമായി സംസാരിച്ചപ്പോൾ, എനിക്ക് കോവിഡ് വന്നിട്ടുണ്ടാവുമെന്നും രണ്ടു ദിവസംകൊണ്ട് മാറിയതാവാമെന്നുമായിരുന്നു അവരുടെ മറുപടി. ഇതു ശരിയാണോ എന്നറിയാൻ ഞാന്‍ ആന്‍റിബോഡി ടെസ്റ്റ് നടത്തി. അതിന്‍റെ റിസൾട്ട് എനിക്ക് കോവിഡ് ബാധിച്ചിട്ടില്ല എന്നതായിരുന്നു. തെറ്റായ ലാബ് റിപ്പോർട്ടിനെത്തുടർന്ന് എനിക്കേറെ ദുരിതങ്ങൾ ഉണ്ടായെങ്കിലും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നു കരുതിയതാണ് ഞാൻ. എന്നാൽ, സമാനമായ മറ്റൊരു സംഭവംകൂടി കോട്ടയത്തുണ്ടായി.

എന്‍റെ അനുഭവത്തേക്കാൾ അതിക്രൂരമായ പരീക്ഷണമാണ് നവജാത ശിശു അടക്കമുള്ള ആ കുടുംബം നേരിട്ടത്. അതുകൂടി കേട്ടതോടെയാണ് ഇതു പരാതിപ്പെടണം എന്നു തീരുമാനിച്ചത്.

ഇപ്പോള്‍ എല്ലാ ശസ്ത്രക്രിയകൾക്കും മുന്‍പ് കോവിഡ് ടെസ്റ്റ് വേണമല്ലോ. അതുപോലെ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനു മുന്‍പ് കോട്ടയം പുലിക്കുട്ടിശേരി കൊല്ലത്തുശേരിൽ ഡോണി ജോസഫിന്‍റെ ഭാര്യയുടെ കോവിഡ് ടെസ്റ്റ് നടത്തി, കുഞ്ഞുണ്ടാവുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ്, ഹോസ്പിറ്റല്‍ തന്നെ ഇതേ ലാബിനെ ഏല്‍പിച്ച ടെസ്റ്റിന്‍റെ റിസള്‍ട്ട് വന്നു, പോസിറ്റീവ്.

ഇതോടെ പ്രസവം കഴിഞ്ഞ ഉടനെ അമ്മയെയും കുഞ്ഞിനെയും ഹോം ക്വാറന്‍റൈനിലേക്കു മാറ്റി. ഇതിനിടെ, കുഞ്ഞിന് മഞ്ഞനിറം ബാധിച്ചു. ഇതോടെ ചികിത്സ തേടി ഇവർ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും കോവിഡ് പോസിറ്റീവ് ആയതിനാൽ ആരും സ്വീകരിച്ചില്ല. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലെ കോവിഡ് സെന്‍ററിലേക്കു മാറ്റി.

ഇതിനിടെ, കോവിഡ് ബാധിക്കാനുള്ള യാതൊരു സാഹചര്യത്തിലും പോകാതിരുന്ന യുവതിയുടെ റിസൾട്ടിൽ സംശയം തോന്നിയ ആരോഗ്യവകുപ്പ് അമ്മയുടെ കോവിഡ് ടെസ്റ്റ് വീണ്ടും നടത്തി. ഫലം നെഗറ്റീവ്. ഫലം വന്നപ്പോഴേക്കും രോഗമില്ലാത്ത മാതാപിതാക്കളും കുഞ്ഞും കോവിഡ് ആശുപത്രിയിൽ നാലു ദിവസം പിന്നിട്ടിരുന്നു.

കോവിഡ് പോസിറ്റീവ് എന്നു തെറ്റായ റിസൾട്ട് കിട്ടിയതു മൂലം കുഞ്ഞിനു മുലപ്പാൽ പോലും കൊടുക്കാന്‍ കഴിയാതെ നിസ്സഹായയായി ആ അമ്മ. നാലു രാവും പകലും അവരവിടെ കഴിയേണ്ടി വന്നു. കോവിഡ് രോഗികളെ ഭയമുള്ളവരാണ് ഭൂരിഭാഗവുമെന്ന് അന്ന് ആരും സഹായിക്കാനില്ലാതെ വന്നപ്പോള്‍ അവര്‍ക്കു മനസിലായി. ഒരു നഴ്സ് ആ സമയത്തു കാണിച്ച സ്നേഹവും കരുതലും അവര്‍ പറഞ്ഞത് ഓര്‍ക്കുന്നു. രോഗം വന്നുപോയില്ല എന്നുറപ്പിക്കാൻ ഇവർ ആന്‍റിബോഡി പരിശോധനയും നടത്തി. രോഗം ബാധിച്ചിട്ടില്ല എന്നായിരുന്നു ഫലം.

പ്രസ്തുത സ്വകാര്യ ലാബ് കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ 40,000ല്‍ അധികം ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്, പണം മുടക്കി ഇവിടെ ടെസ്റ്റ് നടത്തിയിട്ടുള്ള, എന്നെപ്പോലെ എത്രയോ ആളുകള്‍ ഇവരുടെ ഇരകളായിട്ടുണ്ടാകാമെന്നതാണ് ഇപ്പോൾ സംശയം. ഇവര്‍ നൽകുന്ന റിസൾട്ടിനെക്കുറിച്ച് ആരോഗ്യവകുപ്പിലുള്ളവർക്കുതന്നെ സംശയം ഉയര്‍ന്നിട്ട് രണ്ടാഴ്ചകള്‍ പിന്നിട്ടു സാർ, പക്ഷേ, ആരും നടപടിയൊന്നും എടുക്കുന്നില്ല.

ഈ ലാബില്‍നിന്ന് ഇപ്പോഴും ആയിരക്കണക്കിനു ടെസ്റ്റ് റിസള്‍ട്ടുകള്‍ പുറത്തുവരുന്നു. ഈ മഹാമാരിക്കിടയില്‍ നമ്മുടെ സമൂഹത്തിലേക്കു ജനിച്ചുവീണ, ആ കുഞ്ഞിനും കുടുംബത്തിനും ഇവരുടെ വീഴ്ച മൂലം നേരിട്ട നീതികേടും ദുരിതവും ഒരിക്കലും പൊറുക്കാനാവില്ല.

ഇനിയും ആരും അനാവശ്യമായി വഞ്ചിക്കപ്പെടാതിരിക്കാൻ ഇക്കാര്യത്തിൽ കർശന നപടിയെടുക്കണമെന്നും തെറ്റായ റിപ്പോർട്ട് നൽകുന്ന ലാബുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അപേക്ഷിക്കുന്നു.

ലാബുകളുടെ നിരുത്തരവാദപരമായ സമീപനംകൊണ്ട് രോഗമില്ലാതിരുന്നിട്ടും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പട്ടികയിൽ പോലും ഉൾപ്പെടേണ്ടി വന്നവർ എത്രയോ പേരുണ്ടാകും. സത്യത്തിൽ വ്യക്തികൾ മാത്രമല്ല സർക്കാർകൂടി കബളിപ്പിക്കപ്പെടുന്ന ഇത്തരം അനാസ്ഥക്കെതിരേ അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കണമെന്ന് ഒരിക്കൽകൂടി അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

ജോണ്‍പോള്‍ ജോര്‍ജ്
സിനിമ സംവിധായകൻ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker