ജനീവ: വായു ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ലോകാരോഗ്യ സംഘടന. വായു മലിനീകരണം മൂലമുണ്ടാകുന്ന ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ നടപടി.
കര്‍ശന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ മാനദണ്ഡങ്ങള്‍. ഗുണനിലവാരം കണക്കാക്കുന്നതിന് വായുവിലുള്ള പാര്‍ട്ടിക്കുലേറ്റ് മെറ്റീരിയല്‍, ഓസോണ്‍, നൈട്രജന്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയവയുടെ അളവിന്റെ പരിധിയാണ് പുതുക്കിയത്.
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയാണ് വായു മലിനീകരണം. ഇത് ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും. വായു മലിനീകരണം മൂലമുള്ള രോഗങ്ങള്‍ ബാധിച്ച് പ്രതിവര്‍ഷം 70 ലക്ഷം പേര്‍ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.