കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യആസൂത്രക സ്വപ്നയെക്കുറിച്ച് ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്വപ്നയ്ക്ക് പല മേഖലകളിലും ഉന്നതരുമായി അടുത്ത ബന്ധമുള്ളതാണ് കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും മനസ്സിലാകുന്നത്. എയര്‍ ഇന്ത്യാ സാറ്റ്സില്‍ സ്വപ്ന ജോലി ചെയ്യുന്ന സമയത്താണ് എയര്‍ ഇന്ത്യയിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ഓഫീസര്‍ എല്‍.എസ് ഷിബുവിന്റെ പേരില്‍ വ്യാജപരാതി നല്‍കിയത്.
‘അന്ന് താന്‍ കൊടുത്ത പരാതി പോലീസ് അന്വേഷിച്ച് അപ്പോള്‍ തന്നെ കുറ്റക്കാരെ പ്രതി ചേര്‍ത്തിരുന്നുവെങ്കില്‍ സ്വപ്ന സുരേഷ് എന്ന ഈ പ്രതി ഒരു കോണ്‍സുലേറ്റിലും ജോലി ചെയ്യില്ലായിരുന്നുവെന്ന്’ ഷിബു പറയുന്നു. ‘എയര്‍ ഇന്ത്യാ സാറ്റ്സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെകുറിച്ച് ഞാന്‍ സി.ബി.ഐക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഇത് എയര്‍ഇന്ത്യാ സാറ്റ്സിന്റെ വൈസ് ചെയര്‍മാനായിരുന്ന ബിനോയ് ജേക്കബിനും സ്വപ്നയ്ക്കും ഏയര്‍പോര്‍ട്ടിലെ ചില ഉന്നതരും എനിക്കെതിരെ തിരിയുന്നതിന് അത് കാരണമായി. എന്നെ പുറത്താക്കാനാണ് 2015 മാര്‍ച്ചില്‍ 17 സ്ത്രീകളോട് മോശമായി പെരുമാറി എന്ന് ഒരു പരാതി പോലീസിന് നല്‍കുന്നത് ‘ഷിബു പറയുന്നു.
കേസിന്റെ ഭാഗമായി 16 പേരെ ചോദ്യം ചെയ്തപ്പോള്‍ ആര്‍ക്കും ഷിബുവിനെ അറിയില്ല എന്നായിരുന്നു മറുപടി. 17-ാമത്തെ ആളിനു പകരം വേറൊരാളെ സ്റ്റേഷനിലെത്തിക്കുകയും ചെയ്തതായി ഷിബു പറയുന്നു. വ്യാജപരാതിക്കെതിരെ ബിനോയ് ജേക്കബിനും മറ്റുള്ളവര്‍ക്കും എതിരെ പരാതി നല്‍കിയെങ്കിലും ആ കേസ് അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന്, ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇപ്പോള്‍ കേസന്വേഷണം നടക്കുകയാണ്. ആ കേസില്‍ അന്ന് സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. അവര്‍ കുറ്റമേല്ക്കുകയും ചെയ്തതാണ്. എന്നാല്‍, ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ ഹൈദരാബാദിലെ എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഓഫീസറാണ് ഷിബു.