ന്യൂഡൽഹി: വിമാനസർവീസുകൾ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പ്രതിഷേധിച്ച കാബിൻ ജീവനക്കാർക്കെതിരെ അന്ത്യശാസനവുമായി എയർഇന്ത്യ എക്സ്‌പ്രസ്. വ്യാഴാഴ്ച വൈകീട്ടോടെ ജോലിയിൽ പ്രവേശിക്കണമെന്ന് ജീവനക്കാരോട് കമ്പനി അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ, പ്രതിഷേധവുമായി ബന്ധപ്പെട്ട 30 കാബിൻ ക്രൂ അംഗങ്ങളെ എയർഇന്ത്യ എക്സ്‌പ്രസ് പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് അന്ത്യശാസനം.
പ്രതിസന്ധിയിൽ പരിഹാരം തേടി കേന്ദ്ര സര്‍ക്കാരും യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡൽഹിയിലാണ് യോഗം. മാനേജ്മെന്റും പ്രതിഷേധിക്കുന്ന ജീവനക്കാരും യോഗത്തിൽ പങ്കെടുക്കും. നേരത്തെ, വ്യോമയാന മന്ത്രാലയം എയർഇന്ത്യ എക്സ്‌പ്രസിന് നോട്ടീസ് അയച്ചിരുന്നു.
അസുഖ അവധിയെടുത്തത് ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാബിൻ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടത്. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തത് നിയമലംഘനമാണ്. കമ്പനിക്ക് വലിയ നഷ്ടമുണ്ടായി. അവധിയെടുത്തതിന് കൃത്യമായ കാരണങ്ങള്‍ ബോധിപ്പിച്ചിട്ടില്ല. വിമാന സര്‍വീസികള്‍ മുടങ്ങണമെന്ന ഉദ്ദേശത്തോടെയാണ് അവധിയെടുത്തതെന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിൽ കമ്പനി വ്യക്തമാക്കി.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയർ ഇന്ത്യ എക്സ്പ്രസ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്. എയർ ഇന്ത്യാ എക്‌സ്‌പ്രസിനെ എയർ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റു വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ഇവർക്ക് എതിർപ്പുണ്ട്.
മുതിർന്ന തസ്തികകളിലേക്കുള്ള അഭിമുഖം കഴിഞ്ഞവർക്കും താഴ്ന്ന തസ്തികകളിൽ തന്നെ ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടതും ജീവനക്കാരെ പ്രകോപിപ്പിച്ചു. ജോലി സമയം, അലവൻസ് എന്നിവ സംബന്ധിച്ചും തർക്കം നിലനിൽക്കുന്നുണ്ട്.
എയർഇന്ത്യ എക്സ്‌പ്രസിന്റെ ഇരുനൂറിലധികം കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച രാത്രിമുതൽ നൂറിലധികം സർവീസുകൾ കമ്പനി മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. 15,000-ത്തോളം യാത്രക്കാരെ ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതിൽ ഡി.ജി.സി.എ. എയർഇന്ത്യ എക്സ്‌പ്രസിനോട് വിശദീകരണം തേടുകയും ചെയ്തു.