ന്യൂഡൽഹി: ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ ഡൽഹി-ടെൽ അവീവ് വിമാനം റദ്ദാക്കി എയർ ഇന്ത്യ. ശനിയാഴ്ച പുറപ്പെടാനിരുന്ന വിമാനമാണ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കമ്പനി റദ്ദാക്കിയത്.
യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് ഒക്ടോബർ 07-ന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള AI139 വിമാനവും തിരിച്ചുള്ള AI140 വിമാനവും റദ്ദാക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹകരണവും ഉറപ്പുവരുത്തുമെന്നും കമ്പനി വ്യക്തമാക്കി.
ശനിയാഴ്ച രാവിലെയുണ്ടായ അക്രമത്തിൽ 100 പേർ കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 900-ഓളം പേർക്ക് പരിക്കേറ്റതായും ഇതിൽ ചിലരുടെ നില അതീവഗുരുതരമാണെന്നുമാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ, യുദ്ധസന്നതദ്ധ അറിയിച്ച് ഇസ്രയേൽ രംഗത്തെത്തിയിരുന്നു. യുദ്ധത്തിൽ തന്റെ രാജ്യം ജയിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ പ്രസ്താവനയിലൂടെ പറഞ്ഞു.