KeralaNews

ചില സമയത്ത് എന്റെ കയ്യിൽ നിന്നും പോകും! എനിക്ക് ഇഷ്ടമുള്ള ആരെങ്കിലുമൊക്കെ വരുമെന്ന് കരുതി സമാധാനിക്കും: അന്ന

കൊച്ചി:മലയാളത്തിലെ യുവാനായികമാരിൽ ഏറ്റവും വിജയകരമായ കരിയറുള്ള നടിയാണ് അന്ന ബെൻ. തിരക്കഥകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന, വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞ അപൂർവം നടിമാരിൽ ഒരാളാണ്. സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു താരം. 2019 ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെയാണ് അന്ന വെള്ളിത്തിരയിലെത്തുന്നത്.

ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റായതോടെ അന്നയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അരങ്ങേറി നാല് വർഷം പിന്നിടുന്നതിനിടയിൽ മികച്ച നടിക്കുള്ളതടക്കം രണ്ട് സംസ്ഥാന അവാര്‍ഡുകളാണ് അന്നയെ തേടി എത്തിയത്. ചെയ്ത സിനിമകളെല്ലാം വിജയിക്കുകയും പ്രമേയം കൊണ്ടും താരത്തിന്റെ പ്രകടനം കൊണ്ടും വലിയ ശ്രദ്ധനേടുന്നതായും മാറി. അതേസമയം ചില സിനിമകൾ താൻ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ വിഷമം തോന്നിയിട്ടുണ്ടെന്നും പറയുകയാണ് അന്ന ഇപ്പോൾ.

Anna Ben

‘എന്റെ ലിമിറ്റേഷൻസ് എനിക്കറിയാം. ചില കഥകൾ കേൾക്കുമ്പോൾ എനിക്കത് പറ്റുമോ എന്ന് ഞാൻ ആലോചിക്കാറുണ്ട്. സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങളിൽ നിന്ന് മാറി ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്. സിനിമയിൽ നല്ല ക്ഷമ വേണം. ഒന്ന് രണ്ട് മാസം ബ്രേക്ക് കഴിയുമ്പോൾ നമ്മുടെ കൂടെ ഉള്ളവർ ഒരുപാട് നല്ല വർക്കുകൾ ചെയ്യുന്നതാണ് കാണുക. പെട്ടെന്ന് കാര്യങ്ങൾ ചെയ്യണമെന്ന സ്പേസിലേക്കാണ് അപ്പോൾ നമ്മളും പോവുന്നത്’,

‘ചില സമയത്ത് എന്റെ കയ്യീന്ന് ശരിക്കും പോവും. ഞാൻ വർക്ക് ചെയ്യുന്നില്ല, ആ പടത്തോട് നോ പറഞ്ഞു, അത് ചെയ്യാമായിരുന്നു എന്നൊക്കെ തോന്നും. പിന്നെ ഞാൻ തന്നെ ചിന്തിക്കും, ഇത്രയും സിനിമകൾ ചെയ്തില്ലേ ഇനി ബ്രേക്ക് എടുക്കാം. ആരും മറക്കാനൊന്നും പോകുന്നില്ല. ഇനിയും നല്ല സിനിമകൾ വരും. തിരിച്ചുവരാൻ കഴിയും. എനിക്ക് ഇഷ്ടമുള്ള ആരെങ്കിലുമൊക്കെ വരുമായിരിക്കും എന്നെല്ലാം പറഞ്ഞ് എന്നെ തന്നെ വിശ്വസിപ്പിക്കും’, അന്ന പറയുന്നു.

ഒരു സിനിമ കഴിഞ്ഞാൽ അതിൽ നിന്ന് പുറത്തു വരാൻ തനിക്ക് കുറച്ചു സമയം വേണമെന്നും എന്നാൽ ബാക്ക് ടു ബാക്ക് പടങ്ങൾ ചെയ്യണം എന്നാണ് പപ്പ പറയാറുള്ളതെന്നും അന്ന അഭിമുഖത്തിൽ പറഞ്ഞു. അതേ സമയം അവസരങ്ങൾ ചോദിച്ചു വാങ്ങുന്നതിൽ തനിക്ക് മടിയില്ലെന്നും ഇഷ്ടമുള്ള സംവിധായകരോട് അവസരങ്ങൾ ചോദിച്ചു വാങ്ങാറുണ്ടെന്നും ഇതേ അഭിമുഖത്തിൽ അന്ന പറഞ്ഞു.

Anna Ben

‘എന്റേതായ രീതിയിൽ ഞാൻ എനിക്കിഷ്ടമുള്ള സംവിധായകരോട് എനിക്ക് പറ്റിയപോലെ സംസാരിക്കാറുണ്ട്. എനിക്ക് തോന്നുന്നത് നാരദൻ അങ്ങനെയാണ് എനിക്ക് കിട്ടിയത്. ആഷിക്കേട്ടനോട് ഞാൻ പറഞ്ഞിരുന്നു എപ്പോഴെങ്കിലും എനിക്ക് ചെയ്യാൻ കഴിയുന്നൊരു റോൾ ഉണ്ടെന്ന് തോന്നിയാൽ തീർച്ചയായും എന്നെ വിളിക്കണമെന്ന്. എനിക്ക് താല്പര്യമുള്ള സംവിധായകർക്ക് അവരുടെ വർക്ക് കണ്ട് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്താൽ കഴിയുമെങ്കിൽ അടുത്ത പ്രൊജക്ടിൽ എന്നെയും ഭാഗമാക്കാൻ ശ്രമിക്കാം എന്ന് അവർ പറയാറുണ്ട്’, അന്ന ബെൻ പറഞ്ഞു.

ത്രിശങ്കു ആണ് അന്നയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അർജുൻ അശോകൻ നായകനായ ചിത്രം വിജയം കണ്ടില്ലെങ്കിലും അന്നയുടെ പ്രകടനം ശ്രദ്ധനേടിയിരുന്നു. എന്നിട്ട് അവസാനം, അഞ്ചു സെന്റും സെലീനയും എന്നീ ചിത്രങ്ങളും കൂട്ടുക്കാളി എന്നൊരു തമിഴ് ചിത്രവുമാണ് അന്നയുടേതായി അണിയറയിൽ ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker