ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ ഉടന്‍ ഉപയോഗിക്കില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ആയിരിക്കും വരും ദിവസങ്ങളില്‍ നല്‍കുകയെന്നും ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ തല്‍ക്കാലം ഉപയോഗിക്കില്ലെന്നും ഗുലേറിയ പറഞ്ഞു.
ആദ്യത്തെ ഏതാനും ആഴ്ചകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ആയിരിക്കും വിതരണം ചെയ്യുക. നിലവില്‍ കോവിഷീല്‍ഡിന്റെ അഞ്ച് കോടി ഡോസുകള്‍ വിതരണത്തിന് തയാറായിട്ടുണ്ട്. ആ സമയംകൊണ്ട് കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം തുടങ്ങി മൂന്നാം ഘട്ട പരീക്ഷണത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലഭിച്ച ശേഷമായിരിക്കും അത് വിതരണത്തിന് ലഭ്യമാക്കുകയെന്നും ഗുലേറിയ പറഞ്ഞു.