ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപിയുമായി സംസ്ഥാനത്ത് സഖ്യമില്ലെന്ന് എടപ്പാടി പളനിസ്വാമി നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെയുമായുളള കടുത്ത വാക്‌പോരുകള്‍ക്ക് ശേഷമാണ് സഖ്യം വിടുന്നതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഡി ജയകുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സിഎന്‍ അണ്ണാദുരൈയും ജെ ജയലളിതയും അടക്കമുളള എഐഎഡിഎംകെയുടെ പ്രമുഖ നേതാക്കള്‍ക്കെതിരെ അണ്ണാമലെ നടത്തിയ പരാമര്‍ശങ്ങളാണ് ബിജെപിയുമായുളള സഖ്യത്തില്‍ വിളളല്‍ വീഴ്ത്തിയിരിക്കുന്നത്. ”ബിജെപിയുമായി നിലവില്‍ സഖ്യമില്ല. സഖ്യത്തെ കുറിച്ച് ഇനി തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ തീരുമാനമെടുക്കുകയുളളൂ”, ഡി ജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ സഖ്യമാഗ്രഹിക്കുന്നുണ്ടെങ്കിലും അണ്ണാമലെ എഐഎഡിഎംകെയുമായി സഖ്യം ആഗ്രഹിക്കുന്നില്ല. തങ്ങളുടെ നേതാക്കള്‍ക്ക് നേരെയുളള വിമര്‍ശനം സഹിക്കേണ്ട കാര്യമില്ല. തങ്ങള്‍ എന്തിനാണ് അവരെ താങ്ങുന്നത്. ബിജെപിക്ക് ഇവിടെ കാലുറപ്പിച്ച് നില്‍ക്കാന്‍ സാധിക്കില്ല. അവര്‍ക്ക് എത്ര വോട്ടുണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. തങ്ങള്‍ കാരണമാണ് അവരെ ആളുകള്‍ അറിയുന്നത്”, മുന്‍ മന്ത്രി കൂടിയായ ഡി ജയകുമാര്‍ തുറന്നടിച്ചു.
ഇതില്‍ക്കൂടുതല്‍ തങ്ങള്‍ക്ക് സഹിക്കാന്‍ സാധിക്കില്ല. സഖ്യം എന്നത് ഇനിയില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ബാക്കി തീരുമാനിക്കാം”. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം അല്ലെന്നും പാര്‍ട്ടി തീരുമാനമാണ് എന്നും ജയകുമാര്‍ വ്യക്തമാക്കി. 1950കളില്‍ അണ്ണാദുരെ മധുരയില്‍ വെച്ച് ഹൈന്ദവ വിശ്വാസത്തെ വിമര്‍ശിച്ച് സംസാരിച്ചുവെന്നും അതിനെ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുത്തുരാമലിംഗ തേവര്‍ നിശിതമായി എതിര്‍ത്തു എന്നുമായിരുന്നു അണ്ണാമലെ പറഞ്ഞത്.
ഇതോടെ എഐഎഡിഎംകെ നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. അണ്ണാമലെ പറഞ്ഞ സംഭവത്തിന് തെളിവില്ലെന്നും അണ്ണാദുരെയെ കുറിച്ച് മോശമായി സംസാരിക്കാന്‍ ബിജെപി നേതാവിന് യാതൊരു അവകാശവും ഇല്ലെന്നും പാര്‍ട്ടി നേതാവ് ഷണ്‍മുഖം പ്രതികരിച്ചു. ”നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിന് തമിഴ്‌നാട്ടിലെ 39 സീറ്റുകളില്‍ വിജയിക്കേണ്ടത് പ്രധാനമാണ്. എഐഎഡിഎംകെ പിന്തുണ ഇല്ലാതെ അത് സാധ്യമല്ലെന്ന് ബിജെപി ദേശീയ നേതൃത്വത്തിന് അറിയാം.
എന്നാല്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ വിജയിക്കുന്നതിനെ കുറിച്ചോ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ചോ അല്ല അണ്ണാമലെ ആലോചിക്കുന്നത്. എഐഎഡിഎംകെ-ബിജെപി സഖ്യത്തെ പിന്തുണയ്ക്കുകയും ഡിഎംകെയെ വിമര്‍ശിക്കുകയും ചെയ്യുന്നതിന് പകരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വന്തം സഖ്യത്തിലെ അണ്ണാഡിഎംകെയെ ലക്ഷ്യമിടുകയാണ്” എന്നും മുന്‍ മന്ത്രി കൂടിയായ ഷണ്‍മുഖം പറഞ്ഞു.