ചെന്നൈ: തമിഴ്‌നാട്ടിലെ ടിവികെ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന് പിന്നാലെ എഐഎഡിഎംകെയിൽ പൊട്ടിത്തറി. വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്ക്ക് വോട്ട് ചെയ്ത എഐഎഡിഎംകെയിലെ വിമത നേതാക്കളെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പാർട്ടിയിലെ പദവികളിൽനിന്ന് നീക്കി. സി.വി. ഷണ്മുഖം, എസ്.പി. വേലുമണി തുടങ്ങിയവരെയാണ് വിവിധ സ്ഥാനങ്ങളിൽനിന്ന് നീക്കിയത്.
പാർട്ടിയുടെ ഓർഗനൈസിങ് സെക്രട്ടറിയായ സി.വി. ഷണ്മുഖത്തെ ഈ സ്ഥാനത്തുനിന്നും അദ്ദേഹം വഹിക്കുന്ന വിഴുപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുമാണ് പുറത്താക്കിയത്. എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായ നാദംവിശ്വനാഥനും സ്ഥാനത്തുനിന്ന് തെറിച്ചു. ഇവർക്കുപുറമേ വേലുമണി, ആർ. കാമരാജ്, സി. വിജയഭാസ്‌കർ, തങ്കമണി, കെ.പി. അൻപഴകൻ, കെ.സി. വീരമണി, എം.ആർ. വിജയഭാസ്‌കർ തുടങ്ങിയ 29 വിമതനേതാക്കൾക്കെതിരേയും എടപ്പാടി പളനിസ്വാമി നടപടി സ്വീകരിച്ചിട്ടുണ്ട്.
144 എംഎൽഎമാരുടെ പിന്തുണ നേടിയാണ് സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായ ടിവികെ സർക്കാർ ബുധനാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചത്. 108 സീറ്റുകളിൽ ജയിച്ച ടിവികെയ്ക്ക് കോൺഗ്രസും ഇടതുപാർട്ടികളും മുസ്‌ലിംലീഗും ഉൾപ്പെടെയുള്ളവർ നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ എഐഡിഎംകെയിലെ വിമതപക്ഷത്തെ 25 എംഎൽഎമാരും ടിവികെ സർക്കാരിനെ പിന്തുണച്ചു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നിർദേശത്തെ മറികടന്നായിരുന്നു ഈനീക്കം.
ആകെ 47 അംഗങ്ങളാണ് എഐഎഡിഎംകെയ്ക്കുള്ളത്. ഇതിൽ 25 പേരാണ് വിശ്വാസവോട്ടെടുപ്പിൽ വിജയ്ക്ക് പിന്തുണ നൽകിയത്. വിജയ് സർക്കാരിനെ എതിർത്ത് ആകെ 22 എംഎൽഎമാരാണ് വോട്ട്‌ചെയ്തത്. ഡിഎംകെ അംഗങ്ങൾ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. അഞ്ചുപേർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
ബുധനാഴ്ച സഭാനടപടികൾ ആരംഭിച്ചപ്പോൾ ടിവികെ സർക്കാരിനെ എതിർത്ത എടപ്പാടി പളനിസ്വാമി, എഐഎഡിഎംകെയുടെ രണ്ടില ചിഹ്നത്തിൽ വിജയിച്ച 47 പേരും ടിവികെ സർക്കാരിനെതിരേ വോട്ട്‌ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, എടപ്പാടിക്ക് പിന്നാലെ സഭയിൽ പ്രസംഗിച്ച എഐഎഡിഎംകെ എംഎൽഎ എസ്.പി. വേലുമണി ഈ നിലപാടിനെ എതിർത്തു. പളനിസ്വാമി പറഞ്ഞതിന് വിരുദ്ധമായി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതേസമയം, പാർട്ടി വിപ്പ് ലംഘിച്ച് ടിവികെയ്ക്ക് വോട്ടുചെയ്ത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയതായി എഐഎഡിഎംകെ അറിയിച്ചിട്ടുണ്ട്.


