KeralaNews

ക്രൂരമര്‍ദ്ദനം,വസ്ത്രം വലിച്ചുകീറി;യുവതിയെ ക്രൂരമായി ആക്രമിച്ച് സ്പാ മാനേജർ

അഹമ്മദാബാദ്: ബിസിനസ് പങ്കാളിയായ യുവതിക്ക് യുവാവിന്റെ ക്രൂരമര്‍ദനം. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ‘ഗാലക്‌സി സ്പാ’ മാനേജരായ മുഹ്‌സിന്‍ എന്നയാളാണ് ബിസിനസ് പങ്കാളിയായ യുവതിയെ ക്രൂരമായി ആക്രമിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഗുജറാത്ത് പോലീസ് സംഭവത്തില്‍ കേസെടുത്തു. പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയായ മുഹ്‌സിന്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ 25 തിങ്കളാഴ്ച സ്പായ്ക്ക് മുന്നില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഹമ്മദാബാദില്‍ സ്പാ നടത്തുന്ന മുഹ്‌സിനും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയായ യുവതിയും തമ്മില്‍ ആദ്യം തര്‍ക്കമുണ്ടാകുകയും പിന്നാലെ യുവാവ് യുവതിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. നിരന്തരം യുവതിയുടെ മുഖത്തടിച്ച പ്രതി, മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതും വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് സ്പായ്ക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതിന് ശേഷവും മര്‍ദനം തുടര്‍ന്നു. യുവതിയുടെ വസ്ത്രങ്ങളും വലിച്ചുകീറി. ഇതിനിടെ, സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ പ്രതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മര്‍ദനം തുടരുകയായിരുന്നു.

സംഭവം നടന്നത് തിങ്കളാഴ്ചയാണെങ്കിലും യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, മര്‍ദനത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയും സാമൂഹികപ്രവര്‍ത്തകയുടെ സഹായത്തോടെ യുവതിയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊഴിയും രേഖപ്പെടുത്തി.

സ്ഥാപനത്തില്‍ 5,000 രൂപയുടെ നഷ്ടം സംഭവിച്ചതോടെ ഒരു ജീവനക്കാരിയെ താന്‍ വഴക്കുപറഞ്ഞെന്നും മുഹ്‌സിന്‍ ഇത് ചോദ്യംചെയ്തതാണ് തര്‍ക്കത്തിന് കാരണമായതെന്നുമാണ് യുവതിയുടെ മൊഴി. എന്തിനാണ് ജീവനക്കാരിയെ വഴക്കുപറഞ്ഞതെന്ന് ചോദിച്ച് മുഹ്‌സിന്‍ തന്നോട് ദേഷ്യപ്പെട്ടു. ഇതോടെ ജീവനക്കാരിയെ ന്യായീകരിക്കാന്‍ അവരുമായി അടുപ്പത്തിലാണോ എന്ന് താന്‍ ചോദിച്ചു. തുടര്‍ന്നാണ് മുഹ്‌സിന്‍ മര്‍ദിക്കാന്‍ തുടങ്ങിയതെന്നായിരുന്നു യുവതി പറഞ്ഞത്.

മര്‍ദനം നിര്‍ത്താനും ശാന്തമായിരുന്ന് സംസാരിക്കാമെന്നും പറഞ്ഞിട്ടും അയാള്‍ ചെവികൊണ്ടില്ല. പോലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പരായ 100-ല്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ തട്ടിപ്പറിച്ചു. ചാര്‍ജ് കുറവായതിനാല്‍ ഫോണ്‍ വൈകാതെ സ്വിച്ച് ഓഫാവുകയും ചെയ്തു. തുടര്‍ന്ന് താന്‍ അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുഹ്‌സിന്‍ മാപ്പ് ചോദിച്ചു. അയാള്‍ക്ക് ഞാന്‍ മാപ്പുനല്‍കുകയും ചെയ്തു. അതിനാലാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതും സംഭവത്തില്‍ തന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും യുവതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button