ശനിയാഴ്ച വലിയൊരു രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച തിരുവനന്തപുരത്ത് അപ്രതീക്ഷിത ലോക്ക്ഡൗണ്‍; ചോദ്യങ്ങള്‍ ഉയര്‍ത്തി അഹാന കൃഷ്ണ
ചുരുങ്ങിയ കാലയളവ് കൊണ്ട് ആരാധക ഹൃദയത്തില്‍ കയറിപ്പറ്റിയ നടിയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണ. ‘ലൂക്ക’ എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രമാണ് അഹാനയുടെ കരിയറില്‍ ഏറ്റവും ശ്രദ്ധ നേടിയത്. അഹാന സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇപ്പോഴിതാ നടി അഹാന കൃഷ്ണ നടത്തിയൊരു പരാമര്‍ശമാണ് വൈറലാകുന്നത്.
പ്രതീക്ഷിച്ചതില്‍ നിന്നും വിപരീതമായി ശക്തമായ എതിര്‍പ്പാണ് അഹാന നേരിടുന്നത്. തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണും സ്വര്‍ണക്കടത്ത് കേസും തമ്മില്‍ ബന്ധപ്പെടുത്തി കൊണ്ടുള്ള അഹാനയുടെ പ്രതികരണമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
ശനിയാഴ്ച ഒരു വലിയ രാഷ്ട്രീയ അഴിമതി പുറത്തു വരുന്നു, ഞായറാഴ്ച അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നുവെന്നായിരുന്നു അഹാനയുടെ പ്രസ്താവന. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം.
പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അഹാനയുടെ വാക്കുകളെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയത്. അങ്ങേയറ്റം നിരുത്തരവാദപരവും, ജനദ്രോഹവുമായ സംഗതിയാണ് ഇതെന്ന് മാധ്യമ പ്രവര്‍ത്തകനായ സനീഷ് ഇളയിടത്ത് പ്രതികരിച്ചത്.
‘പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ നേതൃത്വം നല്‍കുന്ന, കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോഗ്യസംവിധാനങ്ങളുമൊക്കെ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ പാലിച്ചേ ഒരു സ്ഥലത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒക്കെ പ്രഖ്യാപിക്കാനാവൂ. തിരുവനന്തപുരത്ത് അത്തരമൊരു നടപടി അനിവാര്യമാക്കുന്ന ഗൗരവാവസ്ഥ ശരിയായി തന്നെ ഉണ്ട്’
‘ഈ നടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ കൂട്ടം ഫോളോവേഴ്‌സ് ഉള്ള ആളാണ്. രോഗത്തെക്കുറിച്ചും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നാട്ടുകാരെയാകെയാണ് ബാധിക്കുക എന്ന് ഓര്‍മിപ്പിക്കുന്നു. തിരുത്തേണ്ടതാണ് ഇമ്മാതിരി ശരിയല്ലാത്ത കാര്യങ്ങള്‍ എന്ന് പറഞ്ഞ് കൊള്ളട്ടെ’ സനീഷ് വ്യക്തമാക്കി.