കൊച്ചി:സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബില്‍ സജീവമാവുകയായിരുന്നു താരം.
കഴിഞ്ഞ ദിവസം നടി എയര്‍പോര്‍ട്ടിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. പച്ച ട്രാക്ക് സ്യൂട്ടും കൂളിങ് ഗ്ലാസ്സും കയ്യില്‍ ബാഗുമായി യാത്ര പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ചിത്രമായിരുന്നു. എങ്ങോട്ടാണ് യാത്രയെന്ന് ആരാധകരോട് ഊഹിക്കാന്‍ പറഞ്ഞുകൊണ്ടായിരുന്നു അഹാന ആ ചിത്രം പങ്കുവച്ചത്.
ഇപ്പോഴിതാ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട്, ആ സ്ഥലം ഏതെന്ന് അഹാന വെളിപ്പെടുത്തിരിക്കുകയാണ്. മറ്റെവിടെയുമല്ല, ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് ആയ കശ്മീരിലേക്കാണ് അഹാനയുടെ ഇത്തവണത്തെ യാത്ര. ‘ഞാന്‍ സ്വപ്നം കാണുകയാണോ?’ എന്നാണ് അഹാന ഈ ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.
മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഇലകള്‍ നിറഞ്ഞ മരക്കൂട്ടങ്ങള്‍ക്കിടയില്‍, മഞ്ഞ സ്വെറ്റര്‍ ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തിട്ടുള്ളത്. മഞ്ഞുകാല തുടക്കമായതിനാല്‍ കശ്മീരിലേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങിക്കഴിഞ്ഞു. സഞ്ചാരികളുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുല്‍മാര്‍ഗ്ഗും സോനാമാര്‍ഗും പഹല്‍ഗാമും ദാല്‍ തടാകവും ശ്രീനഗറുമെല്ലാം ജനനിബിഡമായി. ഡിസംബര്‍ മുതല്‍ മാര്‍ച്ചു വരെ നീളുന്ന മഞ്ഞുകാല സീസണ്‍ ആരംഭമായതിനാല്‍ ഹോട്ടലുകളും റസ്‌റ്റോറന്റുകാരുമെല്ലാം ആവേശത്തിലാണ്.
വര്‍ഷം മുഴുവനും സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് കശ്മീര്‍. ഓരോ സീസണിലും ഓരോ ഭാവമാണ് കശ്മീരിന്. മേയ് ജൂണ്‍ മാസങ്ങളില്‍ വേനല്‍ക്കാലയാത്ര നടത്താന്‍ അങ്ങേയറ്റം സുഖകരമായ കാലാവസ്ഥയാണ്. ഏപ്രിലില്‍ പുഷ്പിച്ചു നില്‍ക്കുന്ന ട്യൂലിപ് ഗാര്‍ഡന്‍ കാണാനും സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ പൂത്തു നില്‍ക്കുന്ന ആപ്പിള്‍തോട്ടങ്ങളും നവംബറിലെ കുങ്കുമപ്പൂക്കള്‍ വിരിഞ്ഞ് പരിലസിക്കുന്ന കൃഷിയിടങ്ങളുമെല്ലാം ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ശൈത്യകാലത്ത് കശ്മീരിലെ കുറഞ്ഞ താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. ദാല്‍ തടാകം തണുത്തുറയുന്ന അപൂര്‍വ കാഴ്ച കാണാനുള്ള അവസരമാണിത്. ഈ സമയത്ത് ഗുല്‍മാര്‍ഗില്‍ സ്കീയിംഗും കേബിൾ കാർ സവാരിയും പോലുള്ള സാഹസിക വിനോദങ്ങള്‍ ഒരുക്കാറുണ്ട്. കൂടാതെ ഹോട്ട് എയർ ബലൂണിംഗ്, സ്കേറ്റിംഗ്, ഹെലി-സ്കീയിങ് എന്നിവയും പരീക്ഷിക്കാം. ഹെമിസ് ദേശീയോദ്യാനത്തിന് കുറുകെ ലേയുടെ തെക്ക് ഭാഗത്തേക്ക് ഒഴുകുന്ന സൻസ്കർ നദിപ്രദേശവും ശൈത്യകാലത്ത് യാത്ര ചെയ്യേണ്ട സ്ഥലമാണ്.