ന്യൂഡൽഹി: അഗ്നിപഥ് സ്‌കീമിലുൾപ്പെട്ടവരെക്കുറിച്ച് വിവാദ പ്രസ്‌താവന നടത്തി ബിജെപി നേതാവ്. അഗ്നിവീരന്മാരെ ബിജെപി ഓഫീസിൽ കാവൽക്കാരായി നിയമിക്കുമെന്നായിരുന്നു ബിജെപി മുതിർന്ന നേതാവ് കൈലാഷ് വിജയ്‌വർഗീയയുടെ കമന്റ്. എന്നാൽ ഇത് വിവാദമായതോടെ കൈലാഷ് തന്റെ പ്രസ്‌താവന തിരുത്തി.
സായുധസേനയിൽ അച്ചടക്കവും ഉത്തരവ് പാലിക്കുന്നതും വളരെ പ്രധാനമാണ്. 21 വയസിൽ അഗ്നിവീർ ആകുന്നൊരാൾ 25ാം വയസിൽ സേനയിൽ നിന്ന് പുറത്തുവരുമ്പോൾ 11 ലക്ഷം രൂപ അയാളുടെ കൈവശമുണ്ടാകും. ആ സമയം നെഞ്ചിൽ അഭിമാനത്തോടെ അഗ്നിവീർ എന്ന മെഡലോടെയാകും അയാൾ പുറത്തിറങ്ങുന്നത്. എനിക്ക് ബിജെപി ഓഫീസിലേക്ക് ആരെയെങ്കിലും കാവൽ ജോലിക്കായി നിയമിക്കണമെങ്കിൽ ഞാൻ അവർക്ക് തന്നെയേ പ്രാതിനിദ്ധ്യം കൊടുക്കൂ. വിജയ്‌വർഗ്യ പറഞ്ഞു.
എന്നാൽ തന്റെ പ്രസ്‌താവന വിവാദമായതോടെ വിജയ്‌വർഗ്യ ടൂൾകിറ്റ് സംഘത്തെ ഇതിന് കുറ്റപ്പെടുത്തി. ‘ടൂൾകിറ്റുമായി ബന്ധപ്പെട്ട സംഘം തന്റെ പ്രസ്‌താവന വളച്ചൊടിച്ച് അഗ്നിവീരന്മാരെ അപമാനിക്കാൻ ശ്രമിക്കുകയാണ്.’ കൈലാഷ് വിജയ്‌വർഗ്യയുടെ പ്രസ്‌താവനയ്‌ക്കെതിരെ വിവിധ പാർട്ടി നേതാക്കൾ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.