പാട്‌ന: അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾക്കിടെ നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചു. ബീഹാർ സ്വദേശിയായ റെയിൽവേ യാത്രികനാണ് മരിച്ചത്. പ്രതിഷേധക്കാർ തീയിട്ട ട്രെയിനിലെ പുക ശ്വസിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബീഹാറിലെ ലഖിസരായിലായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ബീഹാറിൽ ഇതുവരെ 507 പേരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം.
അതേസമയം, അഗ്നിപഥുമായി മുന്നോട്ട് പോകാൻ സേനകളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങും. റിക്രൂട്ട് ചെയ്യുന്നവരുടെ സംഖ്യ ഉയർത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
അഗ്നിപഥിനെതിരെ ബീഹാറിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഇന്ന് ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പാട്ന് ഉൾപ്പെടെയുള്ള റെയിൽ വേ സ്റ്റേഷനുകളുടെ സുരക്ഷ ഉയർത്തിയിരിക്കുകയാണ്.