കൊല്ലം : ഉളിയകോവിലിൽ മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ. ഉളിയകോവിൽ സ്വദേശി പാർവ്വതി, ഉമയനല്ലൂർ സ്വദേശി ശരത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് തിരുവനന്തപുരത്തു നിന്ന് പിടികൂടിയത്. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു ഇവരുടെ കവർച്ച.
85 വയസുള്ള ഉളിയകോവിൽ സ്വദേശി യശോദയുടെ കൈവശമുള്ള സ്വർണവും പണവും തട്ടിയെടുക്കാൻ കൊച്ചുമകൾ പാർവതിയും ഭർത്താവ് ശരത്തും കാത്തിരുന്നു. വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ സമയം നോക്കി ലക്ഷ്യം നടപ്പാക്കി.
മുത്തശ്ശിയെ കെട്ടിയിട്ട് ദേഹത്ത് അണിഞ്ഞിരുന്ന കമ്മലും, വളയും കൈക്കലാക്കി. അലമാരയിൽ പണമുണ്ടെന്ന് മനസിലാക്കി താക്കോൽ ചോദിച്ചെങ്കിലും യശോദ നൽകിയില്ല. തുടർന്ന അലമാര കുത്തി തുറന്ന് 25,000 രൂപ കവർന്നു. പിന്നാലെ ഇരുവരും രക്ഷപ്പെട്ടു.
മുത്തശ്ശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. പാരിപ്പള്ളിയിലെ ലോഡ്ജിലാണ് പ്രതികൾ താമസിച്ചിരുന്നത്. ഇതറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും അവിടെ നിന്ന് കടന്നിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ ദമ്പതികൾ തിരുവനന്തപുരത്ത് ഉണ്ടെന്ന് മനസിലാക്കി. ഇന്നലെ രാത്രിയോടെ കഴക്കൂട്ടത്ത് നിന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പ്രതികളെ പിടികൂടി. ശരത്ത് മറ്റൊരു മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.