31.1 C
Kottayam
Thursday, May 16, 2024

വൃദ്ധമാതാവിനെ ഉപേക്ഷിച്ച് മകന്‍ വീടു വിട്ടുപോയ സംഭവം, കേസെടുത്ത് വനിതാ കമ്മീഷന്‍,മകനെയും മരുമകളെയും വിളിച്ചുവരുത്തും

Must read

കോതമംഗലം: കോട്ടപ്പടിയില്‍ വൃദ്ധമാതാവിനെ ഉപേക്ഷിച്ച് മകന്‍ വീട് വിട്ടുപോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം മകനും മരുമകളും നിലവറയില്‍ പൂട്ടിയിടുകയായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനും കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും വൃദ്ധമാതാവിനെ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തി. കോട്ടപ്പടി സി ഐ യോട് വൃദ്ധയുടെ സംരക്ഷണവും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പ് വരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ ആരോപണ വിധേയരായ മകനെയും മരുമകളെയും കമ്മീഷന്‍ വിളിച്ചു വരുത്തും. ആര്‍ ഡി ഒ യോട് റിപ്പോര്‍ട്ട് തേടുമെന്നും എം. സി. ജോസഫൈന്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നേരത്തേ സ്വമേധയാ കേസെടുത്ത് പോലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു.നിലവറയില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വൃദ്ധ. മാധ്യമ വാര്‍ത്ത കളുടെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടപ്പടിയിലെ എഴുപതുകാരി സാറാ മത്തായിയെയാണ് മകന്‍ വീട്ടില്‍ ഉപേക്ഷിച്ചത്.മകന്‍ അടുക്കള ഉള്‍പ്പെടെ പൂട്ടി വീട് വിട്ട് പോയതിനാല്‍ ശുചിമുറിയില്‍നിന്ന് വെള്ളമെടുത്താണ് സാറാ ഇപ്പോള്‍ ഭക്ഷണം ഉണ്ടാക്കുന്നത്.2004 മുതല്‍ സാറാ മത്തായിയും ഏകമകന്‍ അജുവും ഭാര്യയും രണ്ട് മക്കളും താമസിച്ചുവന്നത് കോതമംഗലത്തെ കോട്ടപ്പടിയിലെ വീട്ടിലായിരുന്നു. താഴത്തെ നിലയില്‍ നിലവറയ്ക്ക് സമാനമായ സെല്ലാറിലായിരുന്നു അമ്മയുടെ ജീവിതം. ഫെബ്രുവരി 24 ന് രാത്രി താഴത്തെ നിലയില്‍നിന്ന് മുകളിലേക്കുള്ള വഴി മകന്‍ അടച്ചു. മുകളിലെ നിലയില്‍ താമസിച്ചിരുന്ന മകന്‍ പിന്നെ അമ്മയെ തിരിഞ്ഞുനോക്കാതായി.

ഏറെ താമസിയാതെ അമ്മയോട് ഒരു വാക്കുപോലും പറയാതെ മകനും കുടുംബവും വീട് വിട്ട് എറണാകുളത്തേക്ക് മാറി. ഇതോടെ സാറ താഴത്തെ നിലയിലെ മുറി താല്‍ക്കാലിക അടുക്കളയാക്കി മാറ്റി. സംഭവം അറിഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും പരാതിയില്ലെന്നായിരുന്നു സാറാ മത്തായിയുടെ വിശദീകരണം. തിരിഞ്ഞുനോക്കാതെ പോയ മകന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് 70കാരിയായ ഈ അമ്മ ഇപ്പോഴും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week