വാഷിങ്ടൻ∙ യുഎൻ സുരക്ഷാ സമിതിയിൽ (യുഎൻഎസ്‌സി) നടന്ന പ്രൊസിജറൽ വോട്ടെടുപ്പിൽ റഷ്യയ്ക്കെതിരെ ആദ്യമായി വോട്ടു ചെയ്ത് ഇന്ത്യ. 15 അംഗ സുരക്ഷാ കൗൺസിലിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ അഭിസംബോധന ചെയ്യാൻ ക്ഷണിച്ചപ്പോൾ റഷ്യ എതിർക്കുകയും ഇന്ത്യ അനുകൂലിക്കുകയുമായിരുന്നു.
യുക്രെയ്നിൽ ആറു മാസമായി തുടരുന്ന സംഘർഷം വിലയിരുത്താൻ ബുധനാഴ്ചയാണ് യുഎൻഎസ്‌സി യോഗം ചേർന്നത്. യോഗം ആരംഭിച്ചതിനു പിന്നാലെ, യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ വിഡിയോ കോൺഫറൻസിലൂടെയുള്ള യുക്രെയ്ൻ പ്രസിഡന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രൊസിജറൽ വോട്ടിന് അഭ്യർഥിച്ചു.
സെലെൻസ്‌കിയുടെ പങ്കാളിത്തത്തെ റഷ്യ എതിർക്കുന്നില്ലെന്നും എന്നാൽ പങ്കാളിത്തം വ്യക്തിപരമായിരിക്കണമെന്നും നെബെൻസിയ പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് സമിതി വെർച്വലായി പ്രവർത്തിക്കാൻ തീരുമാനിച്ചെങ്കിലും സമിതി ഇപ്പോൾ സാധാരണ നടപടിക്രമങ്ങളിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിലാണെന്നും ഈ സാഹചര്യത്തിൽ പ്രസിഡന്റ് ഇവിടെ ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നെന്നും അൽബേനിയയുടെ അംബാസഡർ ഫെറിറ്റ് ഹോക്സ വാദിച്ചു. വിഡിയോ കോൺഫറൻസിലൂടെയുള്ള സെലെൻസ്കിയുടെ പങ്കാളിത്തത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. തുടർന്ന് സമിതി, വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കാൻ സെലൻസ്‌കിക്ക് അനുവാദം നൽകി. ഇതിനെതിരെ റഷ്യ വോട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങൾ അനൂകൂലിച്ച് വോട്ട് ചെയ്തു. ചൈന വിട്ടുനിന്നു.
ഈ വർഷം ഫെബ്രുവരിയിൽ യുക്രെയ്നിൽ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ്, യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്കെതിരെ ഇന്ത്യ വോട്ട് ചെയ്യുന്നത്. യുക്രെയ്നുമായി ബന്ധപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ വിട്ടുനിന്നത് യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളെ മുഷിപ്പിച്ചിരുന്നു. യുക്രെയ്നെതിരായ ആക്രമണത്തെ തുടർന്ന് യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിയിരുന്നു.
യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന സൈനിക നീക്കത്തെ ഇന്ത്യ ഇതുവരെ വിമർശിച്ചിട്ടില്ല. എന്നാൽ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരുരാജ്യങ്ങളോടും ആവർത്തിച്ച് ആവശ്യപ്പെടുകയും, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. യുഎൻഎസ്‌സിയിലെ സ്ഥിരാംഗമല്ലാത്ത രാജ്യമാണ് ഇന്ത്യ.