33.4 C
Kottayam
Sunday, May 5, 2024

അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും കാശ്മീരില്‍ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

Must read

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും ഭീകരാക്രമണം. കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. തോക്കുധാരിയായ ഭീകരന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

കാഷ്മീരില്‍ അടുത്തിടെ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 13 ആയി. കനത്ത സുരക്ഷയ്ക്കിടെയാണ് കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. പൂഞ്ചിലെ വനമേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭീകരര്‍ ഒളിച്ചിരിക്കുകയാണ്. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.

അതേസമയം അമിത് ഷായുടെ കാഷ്മീര്‍ സന്ദര്‍ശനം തുടരുകയാണ്. ഇന്ന് പുല്‍വാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. പുല്‍വാമയിലെ ലാത്ത്‌പോറയിലുള്ള സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററില്‍ എത്തിയാകും ആഭ്യന്തരമന്ത്രി വീരമ്യത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക.

ജമ്മു കാഷ്മിരിലെ സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തിയ അമിത് ഷാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്താനുള്ള അന്തിമ നടപടികള്‍ക്കു സുരക്ഷാ-രഹസ്യാന്വേഷണ ഏജന്‍സികളോട് നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച ശ്രീനഗറിലെ രാജ്ഭവനില്‍ നടന്ന അഞ്ചുമണിക്കൂര്‍ നീണ്ട യോഗത്തിലായിരുന്നു കേന്ദ്രമന്ത്രി നിലപാടറിയിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ജമ്മു കാഷ്മീരില്‍ ഭീകരാക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും വ്യക്തമാക്കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തയ നിയന്ത്രണങ്ങള്‍ കാഷ്മീര്‍ താഴ് വരയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ നിഴല്‍ യുദ്ധമാണ് നടത്തുന്നത്. കാഷ്മീരില്‍ സമാധാന അന്തരീക്ഷം ഉണ്ടാകുന്നത് പാക്കിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week