ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പാക് സൈന്യത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് സൈനികവക്താവ് അറിയിച്ചു.
കുപ്വാര ജില്ലയിലെ നൗഗാമില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ മരിച്ചുവെന്നും നാല് പേര്‍ക്ക് പരിക്കേറ്റുവെന്നും പ്രതിരോധ വക്താവ് അറിയിച്ചു. പരിക്കേറ്റവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാക് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.
അതേസമയം, പൂഞ്ചില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യുവടഞ്ഞിരുന്നു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ എട്ട് മാസങ്ങളിലായി 3,000ത്തിലധികം പ്രാവശ്യമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2003ലാണ് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചത്.