അതിഥി തൊഴിലാളിക്കുനേരെ വീണ്ടും കൊടുംക്രൂരത; കവര്‍ച്ചാ സംഘം സ്‌കൂട്ടറില്‍ റോഡിലൂടെ വലിച്ചിഴച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാ സംഘം അതിഥി തൊഴിലാളിയെ സ്‌കൂട്ടറില്‍ വലിച്ചിഴച്ചു. ജാര്‍ഖണ്ഡ് സ്വദേശി നജ്മുല്‍ ശൈഖിനെയാണ് സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ദേഹമാസകലം പരിക്കേറ്റ നജ്മുലിനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊടുവള്ളി മദ്രസ ബസാറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നജ്മുല്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ചുകയറിയ സംഘം പണവും മൊബൈല്‍ ഫോണും കവര്‍ന്ന് പുറത്തിറങ്ങി. ശബ്ദം കേട്ട് ഉണര്‍ന്ന ഇയാള്‍ കവര്‍ച്ച സംഘത്തിന്റെ പിന്നാലെ പാഞ്ഞു.

രണ്ടു പേരാണ് കവര്‍ച്ചയ്ക്കായി മുറിക്കുള്ളില്‍ കയറിയത്. മൂന്നാമന്‍ സ്‌കൂട്ടറില്‍ കാത്തുനില്‍ക്കുകയായിരുന്നു. നജ്മുലിന്റെ പണവും മൊബൈലും കവര്‍ന്ന് ഓടിയെത്തിയ കവര്‍ച്ചക്കാര്‍ കാത്തുകിടന്ന സ്‌കൂട്ടറില്‍ കയറി പാഞ്ഞു. പിന്നാലെയെത്തിയ നജ്മുല്‍ സ്‌കൂട്ടറിന്റെ പിന്നില്‍ പിടിച്ച് നിര്‍ത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ കവര്‍ച്ചാ സംഘം നജ്മുലിനെയും വലിച്ചുകൊണ്ട് മുന്നോട്ടുപോയി. റോഡില്‍ ശരീരമുരഞ്ഞ് പരിക്കേറ്റ നജ്മുല്‍ സ്‌കൂട്ടറില്‍ നിന്നു പിടിവിട്ട് വീഴുകയായിരുന്നു.

കഴിഞ്ഞ മൂന്നാം തീയതിയും സമനാമായ സംഭവം ഉണ്ടായിരുന്നു. ബിഹാര്‍ റിഷന്‍ഗഞ്ച് സ്വദേശി അലി അക്ബറിനെ കവര്‍ച്ചസംഘം റോഡിലൂടെ ബൈക്കില്‍ വലിച്ചിഴച്ചു. ഇരു കാല്‍മുട്ടുകള്‍ക്കും കാല്‍പ്പത്തിയിലും പുറത്തും പരിക്കേറ്റ അലി അക്ബര്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News