കൊച്ചി:മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ അഭിനേതാക്കളെ വേണ്ട പോലെ ഉപയോഗിച്ച ഒരു സംവിധായകൻ കൂടെയാണ്. കിരീടം, സദയം, തനിയാവർത്തനം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണമായിരുന്നു.
മലയാള സിനിമയിൽ ഇന്നത്തെ താരങ്ങളിൽ അഭിനയത്തിൽ ഏറെ മുന്നിട്ട് നിൽക്കുന്ന നടനാണ് ഫഹദ് ഫാസിൽ. പലപ്പോഴും മോഹൻലാലിന്റെ നാച്ചുറൽ ആക്ടിങ്ങുമായി ഫഹദിന്റെ അഭിനയത്തെ താരതമ്യം ചെയ്യാറുണ്ട്.
മാനസികമായി മറ്റൊരു തലത്തിൽ നിൽക്കുന്ന കഥാപാത്രങ്ങളെ മോഹൻലാലും ഫഹദും ഒരുപോലെ അവതരിപ്പിക്കാറുണ്ടെന്നും ഒട്ടും സ്‌ട്രെയിൻ ഇല്ലാതെയാണ് ഇരുവരും അഭിനയിക്കാറുള്ളതെന്നും തീർച്ചയായും മോഹൻലാലിന്റെ തലത്തിലേക്ക് എത്താനുള്ള ക്വാളിറ്റിയുള്ള നടനാണ് ഫഹദെന്നും സിബി മലയിൽ പറഞ്ഞു. സമയം മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫഹദിൽ ആദ്യമായി അത് ശ്രദ്ധിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സിലാണ്. ഫഹദിന്റെ ഒരു പ്രത്യേകതയെന്ന് പറയുന്നത് ഒട്ടും സ്‌ട്രെയിൻ ഇല്ലാതെ അഭിനയിക്കും എന്നുള്ളതാണ്. വളരെ ഈസിയായിട്ടാണ് അഭിനയിക്കുക.
ലാലിനുമുണ്ട് ആ ക്വാളിറ്റി. നമുക്ക് തോന്നുകയെയില്ല അവർ നല്ല സ്‌ട്രെയിൻ എടുത്താണ് അഭിനയിക്കുന്നതെന്ന്. വളരെ സിമ്പിളായി അവർ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് കാണാൻ പറ്റും. അത് ബ്രില്ല്യന്റായിരിക്കും.
അതേസമയം, രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതൻ വീണ്ടും തിയേറ്ററിൽ എത്തിയിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്റ്റേര്‍ഡ് വേര്‍ഷനായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റീ റിലീസിന് പിന്നാലെ മികച്ച സ്വീകാര്യതയാണ് ചിത്രം പ്രേക്ഷകരിൽ നിന്ന് നേടുന്നത്.