പാലക്കാട്: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ കവിത തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
കുടുംബവഴക്കിനെ തുടർന്ന് സുരേഷ് കവിതയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഭാര്യ വീണതിന് പിന്നാലെ ഇയാൾ വിഷം കഴിച്ചു. വിവരമറിഞ്ഞെത്തിയവർ സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യ കോഴിഫാമിൽ ജോലിക്ക് പോകുന്നതിനെച്ചൊല്ലിയും ആഭരണങ്ങളെച്ചൊല്ലിയും വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. മോർച്ചറിയിലുള്ള സുരേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.