KeralaNews

CAA: ആളിക്കത്തുന്ന പ്രതിഷേധം;അസമിൽ ഹർത്താൽ,ലീഗ് സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ നിയമ വ്യവസ്ഥകള്‍ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസമില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പ്രതിഷേധക്കാര്‍ സിഎഎ പകര്‍പ്പുകള്‍ കത്തിച്ചു. സിഎഎ ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിലവിലുള്ള കേസിലെ പ്രധാന ഹര്‍ജിക്കാരാണ് ലീഗ്.

തമിഴ്നാട്ടിൽ സിഎഎ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി നടൻ‌ വിജയ്‌യും രംഗത്തെത്തി. മതമൈത്രി ഉള്ളിടത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറപ്പ് വേണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴക വെട്രി കഴകമെന്ന‌ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണിത്. ഉത്തർപ്രദേശിലും പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നു. പ്രതിഷേധക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്, വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ ഒഴികെ 6 മതങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ളതാണു ചട്ടങ്ങൾ.

മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതിനുള്ള പൗരത്വ നിയമ ഭേദഗതികൾ 2019 ൽ പാർലമെന്റ് പാസാക്കിയിരുന്നു. 2019 ഡിസംബർ 12ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതു മുതൽ പ്രാബല്യത്തിലായി. എന്നാൽ, വ്യവസ്ഥകൾ ഉണ്ടാക്കിയിരുന്നില്ല. 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിൽ അഭയാർഥികളായി എത്തിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാർസി മതക്കാർക്കാണു പൗരത്വം നൽകുന്നത്.

സിഎഎ നടപ്പാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ചരിത്രപരമായ മണ്ടത്തരമാണെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണിത്. സിസിഎയെ ജനാധിപത്യപരമായി പ്രധിരോധിക്കാൻ ജനങ്ങളോടൊപ്പം എഐഎഡിഎംകെയും കൈകോർക്കും. മുസ്‌ലിംകളെയും ശ്രീലങ്കൻ തമിഴരെയും പരിഗണിക്കാതെയുള്ള നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎഎ ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. ഇന്ന് ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ നിലവിലുള്ള കേസിലെ പ്രധാന ഹർജിക്കാരാണ് ലീഗ്.

സിഎഎ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് തൃശൂരിൽനിന്നുള്ള എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ. മതം പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമാക്കുക എന്നത് ഭരണഘടനാ വിരുദ്ധമാണ്. ബിജെപി മതരാഷ്ട്ര സ്ഥാപനത്തിനുള്ള രാഷ്ട്രീയം നടപ്പാക്കുകയാണ്. കേരളത്തിൽ നിയമം നടപ്പാക്കില്ലെന്നും വി.എസ്.സുനിൽകുമാർ പറഞ്ഞു.

സിഎഎ നടപ്പാക്കുന്നതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ഭേദഗതി നിയമത്തിലൂടെ മുസ്‌ലിംകൾക്കും ശ്രീലങ്കൻ തമിഴർക്കും നേരെ വിവേചനം കാണിക്കുന്നതായും സ്റ്റാലിൻ പറ‍ഞ്ഞു.

മതപീഡനം നേരിടുന്നു അല്ലെങ്കിൽ അത്തരത്തിലുള്ള പീഡനം ഭയക്കുന്നു എന്നതാണ് 3 രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളെ പൗരത്വത്തിനു പരിഗണിക്കുന്നതിനുള്ള മാനദണ്ഡം. എങ്കിൽ, എന്തുകൊണ്ട് മ്യാൻമറിലും ചൈനയിലും പീഡനം നേരിടുന്ന മുസ്‌ലിംകളെയും ശ്രീലങ്കയിൽനിന്നുള്ള തമിഴ് അഭയാർഥികളെയും പരിഗണിക്കുന്നില്ല എന്ന ചോദ്യമുണ്ടായി.

സിഎഎ വിജ്ഞാപനം ചെയ്തതിനെതിരെ അസമിൽ ഹർത്താൽ പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികൾക്ക് ഗുവാഹത്തി പൊലീസ് നോട്ടിസ് അയച്ചു. പൊതുമുതൽ നശിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker