ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഭീകരാക്രമണ സാധ്യത തള്ളിയിട്ടില്ല. ആ നിലയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ നേതാവ് ഒക്ടോബര്‍ 30-ന് പുറത്തിറക്കിയ വീഡിയോ സന്ദേശവും ചര്‍ച്ചയാകുന്നുണ്ട്. ഒക്ടോബര്‍ 30-ന് പാകിസ്താനിലെ ഖൈര്‍പൂര്‍ തമേവാലിയില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ സൈഫുള്ള സെയ്ഫ് നടത്തിയ പ്രഖ്യാപനത്തിന്റെ വീഡിയോ കേന്ദ്ര രഹസ്യാന്വേഷണ വൃത്തങ്ങള്‍ അതീവ ഗൗരവമായി കാണുന്നുണ്ട്.
ലഷ്‌കര്‍ തലവന്‍ ഹാഫിസ് സെയ്ദ് അലസനായി ഇരിക്കുകയല്ലെന്നും ബംഗ്ലാദേശിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ ഹാഫിസ് സെയ്ദ് ആസൂത്രണം നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് സൈഫ് പ്രഖ്യാപിച്ച വീഡിയോയാണ് പുറത്തുവന്നത്. ഭീകരര്‍ ഈ ലക്ഷ്യത്തോടെ ബംഗ്ലാദേശിലെത്തിയതായും ഓപ്പേറേഷന്‍ സിന്ദൂറിന് പകരംവീട്ടാന്‍ തയ്യാറെടുക്കുകയാണെന്നും സൈഫ് പറഞ്ഞിരുന്നു.
ഇയാളുടെ അവകാശവാദം എന്തുതന്നെയായാലും പാകിസ്താനില്‍നിന്ന് ലഷ്‌കര്‍ തീവ്രവാദികളെ ബംഗ്ലാദേശിലേക്ക് ഹാഫിസ് സെയ്ദ് അയച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നു. ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്ക് ഐഎസ് പദ്ധതിയിടുന്നതായി മുന്‍പുതന്നെ രഹസ്യാന്വേഷണ വൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഇക്കാര്യവും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ നടത്തുന്ന വിശദമായ അന്വേഷണത്തിലെ സ്‌ഫോടനത്തിന് പിന്നിലുള്ള യഥാര്‍ഥ ആസൂത്രണം പുറത്തുവരികയുള്ളു.


