ന്യൂഡല്‍ഹി: ഡൽഹിയില്‍ ഉഗ്ര സ്‌ഫോടനത്തിനിരയാക്കിയ കാര്‍ ഹരിയാണ രജിസ്‌ട്രേഷന്‍ ഹ്യൂണ്ടായ് ഐ20 കാര്‍. കാറിനകത്ത് മൂന്നുപേരുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തില്‍ 9 പേര്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഇ-റിക്ഷ ഉള്‍പ്പെടെ സമീപത്തുണ്ടായിരുന്ന 22 വാഹനങ്ങള്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് അഗ്നിക്കിരയായി. കാറിന്റെ ആദ്യ ഉടമ മുഹമ്മദ് സല്‍മാന്‍ എന്നയാളായിരുന്നുവെന്നും ഇയാള്‍ പിന്നീട് നദീം എന്നയാള്‍ക്ക് കാര്‍ വിറ്റുവെന്നും ദേശീയമാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാണയിലെ ഗുരുഗ്രാമില്‍വെച്ച് സല്‍മാനെ അറസ്റ്റുചെയ്തു.
ഹ്യൂണ്ടായ് ഐ20 കാറാണെന്ന് നേരത്തേ ആഭ്യന്തര മന്ത്രി അമിത്ഷായും അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് 6.52-ഓടെയാണ് സ്‌ഫോടനമുണ്ടായത്. പതുക്കെ സഞ്ചരിക്കുകയായിരുന്ന കാര്‍ സിഗ്നലില്‍ നിര്‍ത്തി. ആ വാഹനത്തില്‍ പിന്നീട് സ്‌ഫോടനമുണ്ടായെന്നും തത്ഫലമായി സമീപത്തെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചെന്നും ഡല്‍ഹി പോലീസ് കമ്മിഷണര്‍ സതീഷ് ഗോല്‍ച്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌നായക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ഡല്‍ഹി പോലീസ് കമ്മിഷണറുമായും ആശുപത്രിയിലെ ഡോക്ടര്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎ, ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.


